കോൺഗ്രസിന്റെ കാലത്ത് ബാങ്കുകൾ സൃഷ്ടിക്കപ്പെട്ടു, മോദിയുടെ കാലത്ത് അവ വിറ്റഴിക്കപ്പെടുന്നു- രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുല്‍ ഗാന്ധി |ഫോട്ടോ:PTI
രാഹുല്‍ ഗാന്ധി |ഫോട്ടോ:PTI

ന്യൂഡൽഹി: ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കൽ വിവാദങ്ങൾക്കിടയിൽ, ബാങ്ക് ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലാഭകരമായ പൊതുമേഖലാ ബാങ്ക് ഒരു കനേഡിയൻ കമ്പനിക്ക് വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രാഹുൽ രംഗത്തെത്തുകയും ചെയ്തു.

കോൺഗ്രസിന്റെ കാലത്ത് രാജ്യത്തിന്റെ വ്യവസായം കെട്ടിപ്പടുക്കാനാണ് ഐ.ഡി.ബി.ഐ സ്ഥാപിക്കപ്പെട്ടത്. മോദിയുടെ കാലത്ത് ആദ്യം ലേലം ചെയ്തു, പിന്നീട് വില നിശ്ചയിച്ചു.

കോൺഗ്രസിന്റെ കാലത്ത് ബാങ്കുകൾ സൃഷ്ടിക്കപ്പെടുകയായിരുന്നു. മോദിയുടെ കാലത്ത് അവ വിറ്റഴിക്കപ്പെടുന്നുവെന്നും രാഹുൽ എക്‌സിൽ കുറിച്ചു. 'ഞാൻ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരുടെ കൂടെ നിൽക്കുന്നു' എന്ന് കുറിച്ച രാഹുൽ അവർക്കയച്ച കത്തും പങ്കുവെച്ചു.

പൊതുമേഖലാ ബാങ്കുകൾ വിറ്റുതുലയ്ക്കാനുള്ള ആസ്തിയല്ല, മറിച്ച് രാജ്യം കെട്ടിപ്പടുക്കാനുള്ള ഉപകരണങ്ങളാണെന്നും രാഹുൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ചിൽ ഐഡിബിഐ ബാങ്ക് ജീവനക്കാരുടെ ഒരു സംഘം പാർലമെന്റ് ഹൗസിൽ തന്നെ വന്നു കാണുകയും, തങ്ങൾ ലാഭകരമാക്കി മാറ്റിയ ഒരു ബാങ്ക് സർക്കാർ എന്തിനാണ് വിൽക്കുന്നത് എന്ന് ലളിതമായ ഒരു ചോദ്യം ചോദിക്കുകയും ചെയ്തുവെന്നും രാഹുൽ കത്തിൽ പറയുകയുണ്ടായി.

'ഞാൻ ആ ചോദ്യം ലോക്സഭയിൽ ഉന്നയിച്ചു. ലാഭകരമായ ഒരു പൊതുമേഖലാ ബാങ്ക് എന്തിനാണ് വിൽക്കുന്നതെന്നും അതിന്റെ ജീവനക്കാരുടെയും നിക്ഷേപകരുടെയും സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്നും ഞാൻ ചോദിച്ചു. എന്നാൽ സർക്കാർ അതിന് ഒരു പ്രതികരണവും നൽകിയില്ല. ഇപ്പോൾ അവർ ഐഡിബിഐ ബാങ്ക് കാനഡ കമ്പനിയായ ഫെയർഫാക്‌സിന് വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്' രാഹുൽ പറഞ്ഞു.

'വളരെ ദുഷ്കരമായ വെല്ലുവിളികൾ നേരിട്ടാണ് ഐഡിബിഐയെ ഒരു വാണിജ്യബാങ്കാക്കി ജീവനക്കാർ മാറ്റിയെടുത്തത്. ഏഴ് വർഷം മുമ്പ് ഐഡിബിഐ നഷ്ടത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അത് 9000 കോടി രൂപയിലധികം ലാഭം നേടി. ആ തിരിച്ചുവരവ് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പൊതുജനങ്ങളുടെ പണം കൊണ്ട് നിർമിച്ച ഒരു സ്ഥാപനം പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്' രാഹുൽ ജീവനക്കാർക്കെഴുതിയ തുറന്ന കത്തിൽ പറഞ്ഞു.

2003-ൽ ഐഡിബിഐയുടെ കുറഞ്ഞത് 50 ശതമാനം ഓഹരികളും സർക്കാർ എപ്പോഴും കൈവശം വയ്ക്കുമെന്ന് പാർലമെന്റിന് ഉറപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ കനേഡിയൻ കമ്പനിക്ക് ഓഹരി കൈമാറിയശേഷം സർക്കാരിനും എൽഐസിക്കും 34 ശതമാനം ഓഹരികൾ മാത്രമേ ഉണ്ടാകൂവെന്നാണ് സർക്കാരിന്റെ തന്നെ കത്തിൽ പറയുന്നത്. 'ആ വാഗ്ദാനം നിയമത്തിൽ എഴുതിച്ചേർത്തിട്ടുണ്ടാകില്ല, എന്നാൽ പാർലമെന്റിന് നൽകിയ വാഗ്ദാനം ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ്' രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഐഡിബിഐ സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ, എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണവും ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇപ്പോൾത്തന്നെ ദുർബലമായ നിങ്ങളുടെ സേവന വ്യവസ്ഥകൾക്ക് ബാക്കിയുള്ള അവസാന സംരക്ഷണവും നഷ്ടപ്പെടും. സ്വകാര്യ മേഖലയ്‌ക്കൊപ്പം ശക്തമായ ഒരു പൊതുമേഖലയും വേണമെന്നാണ് കോൺഗ്രസ് എപ്പോഴും വിശ്വസിക്കുന്നത്. പൊതുമേഖലാ ബാങ്കുകൾ വിറ്റുതുലയ്ക്കാനുള്ള ആസ്തിയല്ല, മറിച്ച് രാജ്യം കെട്ടിപ്പടുക്കാനുള്ള ഉപകരണങ്ങളാണ്' രാഹുൽ കത്തിൽ കുറിച്ചു.

Content Highlights: Rahul Gandhi expressed solidarity with IDBI Bank employees facing job and reservation concerns due to privatization., He criticized the Modi government for selling a profitable public sector bank to Canadian company Fairfax., Highlighted that IDBI Bank made a profit of over Rs 9,000 crore last year through employees' hard work., Pointed out that the stake sale will reduce government and LIC shareholding to 34 percent, breaking parliamentary trust.