‘നിങ്ങൾക്കെങ്ങനെ ധൈര്യംവന്നു..?’; വിദ്യാർഥികളോടുള്ള യൂണിവേഴ്സിറ്റികളുടെ ഭീഷണിക്കെതിരേ രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | ഫോട്ടോ: എഎൻഐ
രാഹുൽ ഗാന്ധി | ഫോട്ടോ: എഎൻഐ

ന്യൂഡൽഹി: വിദ്യാർഥികൾ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന ഡൽഹി, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റികളുടെ നിർദേശത്തിനെതിരേ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ കൂടിച്ചേരലുകളുടെ ഭാഗമാകരുതെന്ന് കഴിഞ്ഞദിവസമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയും ജെഎൻയുവും വിദ്യാർഥികളോട് നിർദേശിച്ചത്.

വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൽഹി യൂണിവേഴ്‌സിറ്റികളുടെ നടപടിക്കെതിരേ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. എന്തു ധൈര്യത്തിലാണ് വിദ്യാർഥികൾ അവരുടെ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനെതിരേ ഭീഷണി മുഴക്കിയതെന്ന് രാഹുൽ ചോദിച്ചു. സമയംവരുമ്പോൾ നിങ്ങൾ ഇതിന് മറുപടി പറയേണ്ടിവരുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

ജന്തർ മന്തറിൽ നടക്കുന്ന ‘നിയമവിരുദ്ധമായ’ കൂടിച്ചേരലുകളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കുമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകുന്നതായിരുന്നു കഴിഞ്ഞദിവസം ഡൽഹി യൂണിവേഴ്‌സിറ്റി പുറത്തുവിട്ട നോട്ടീസ്. വിദ്യാർഥികളുടെ അക്കാദമിക്-പ്രൊഫഷണൽ അവസരങ്ങൾക്ക് ഇത് പ്രത്യാഘാതം സൃഷ്ടിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയും സമാനമായ വിധത്തിൽ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. ജന്തർ മന്തറിലെ സമരത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വിദ്യാർഥികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഉത്തരവാദിത്വം കാട്ടണമെന്നും മറിച്ചായാൽ നിയമനടപടികൾക്കും അച്ചടക്ക നടപടികൾക്കും വിധേയമാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താനാണ് യൂണിവേഴ്‌സിറ്റികളുടെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളും ശക്തമായിരുന്നു.

Content Highlights: Delhi University issued a notice banning students from participating in protests at Jantar Mantar., Rahul Gandhi condemned the notice, calling it an attack on students' democratic rights., The university warned of disciplinary and legal action against participating students and faculty., Jawaharlal Nehru University (JNU) also imposed similar restrictions on student social media conduct.