CJP നേതാക്കളെ ജയിലിലടച്ചത് ഭീരുത്വം, ദേശീയപതാക ഉയർത്തുന്നത് കുറ്റമല്ല; ജന്തർമന്തർ തിരിച്ചുപിടിക്കും- രാഹുൽ

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി പ്രതിഷേധിച്ച സി.ജെ.പി. നേതാക്കളെ ജയിലിലടച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി ദേശീയപതാക വീശി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്നും അതിന് യുവാക്കളെ തടവിലിടുന്നത് ഭീരുത്വമാണെന്നും രാഹുൽ ഗാന്ധി 'എക്‌സി'ൽ കുറിച്ചു.

അതിക്രമിച്ചുകടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത സി.ജെ.പി. നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

"സമാധാനപരമായ പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർമന്തറിൽ ദേശീയപതാക ഉയർത്തുന്നത് കുറ്റമല്ല. അതിന് യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണ്. വിദ്യാർത്ഥികൾ, യുവാക്കൾ, മാധ്യമപ്രവർത്തകർ, 'ഇന്ത്യ' സഖ്യം – ബാനറുകൾ വേറെയാണെങ്കിലും ലക്ഷ്യം ഒന്നാണ്. ഭരണഘടനാവകാശങ്ങൾക്കായി പൗരന്മാർ നടത്തുന്ന എല്ലാ പോരാട്ടങ്ങളും ഒന്നാണ്. ജന്തർമന്തർ ഭാരതത്തിലെ ജനങ്ങൾക്കുള്ളതാണ്; അത് ഞങ്ങൾ തിരിച്ചുപിടിക്കുകതന്നെ ചെയ്യും"- രാഹുൽ ഗാന്ധി വ്യക്തമാക്കി.

അനുമതിയില്ലാതെ ജന്തർമന്തറിലേക്ക് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത സി.ജെ.പി. നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. രാവിലെ എട്ടു മണിക്കാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. പിന്നാലെ അജിൻക്യ ഷിൻഡെക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

കടുത്ത സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് അനുമതിയില്ലാതെ പ്രദേശത്ത് കടന്നുകയറുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനാണ് നടപടിയെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. ജന്തർമന്തറിനെ സമരം നടത്താനുള്ള സ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ഡൽഹി പോലീസ് ഒഴിവാക്കിയതിനെതിരെ വൻ പ്രതിഷേധമാണ് തലസ്ഥാനത്ത് ഉയരുന്നത്.

Content Highlights: Rahul Gandhi criticized the Delhi Police for arresting CJP leaders who peacefully waved the national flag at Jantar Mantar., Leaders Saurav Das, Ashutosh Ranka, and Ajinkya Shinde were detained after breaching security barricades demanding the Chief Election Commissioner's resignation., A magistrate remanded the leaders to five days of judicial custody in Tihar Jail, while granting conditional bail to Ajinkya Shinde., Rahul Gandhi stated that citizens fighting for constitutional rights share a unified cause across different banners.