'ഫോം 6-ൽ 'നിയമവിരുദ്ധമായ' മാറ്റം വരുത്താൻ ടിസിഎസിനോട് നിർദേശിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആരാണ്?'

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: ANI
രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി ഉപയോഗിക്കുന്ന ഓൺലൈൻ ഫോം 6 'നിയമവിരുദ്ധമായി' മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആ മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ആരാണ് ടാറ്റ കൺസൾട്ടൻസി സർവീസസിനോട് ഉത്തരവിട്ടതെന്നും കമ്പനിയിൽ ആരാണ് അതിൽ ഒപ്പുവെച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഫോം 6 ലെ മാറ്റം ആസൂത്രണം ചെയ്തത് 'പ്രധാനമന്ത്രി-ആഭ്യന്തരമന്ത്രി കൂട്ടുകെട്ടാണ്' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അവകാശപ്പെട്ടു. ടാറ്റ കൺസൾട്ടൻസിയെ ഇത് ചെയ്യാൻ ആരെങ്കിലും സമ്മർദം ചെലുത്തിയോയെന്നും രാഹുൽ എക്‌സ് പോസ്റ്റിലൂടെ ആരാഞ്ഞു.

'ഓൺലൈൻ ഫോം 6 നിയമവിരുദ്ധമായാണ് മാറ്റം വരുത്തിയത് - ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണർമാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആരാണ് ടാറ്റ കൺസൾട്ടൻസി സർവീസസിനോട് ഉത്തരവിട്ടത്? ടിസിഎസിൽ ആരാണ് അതിൽ ഒപ്പുവെച്ചത്? അങ്ങനെ ചെയ്യാൻ അവർക്കുമേൽ സമ്മർദം ചെലുത്തിയിരുന്നോ?' രാഹുൽ ചോദിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയായ ഓൺലൈൻ ഫോം 6-ൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും എതിർപ്പ് ഉന്നയിച്ചിരുന്നതായി 'ദി ഇന്ത്യൻ എക്‌സ്പ്രസ്' പുറത്തുവിട്ട റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശങ്ങൾ.

https://x.com/RahulGandhi/status/2105505948735554013

Content Highlights: Rahul Gandhi accused authorities of illegally changing online Form 6 for voter registration., He questioned who ordered TCS to make the changes and who signed off on it., Congress General Secretary Jairam Ramesh claimed the PM-Home Minister nexus planned the changes., Election Commissioners reportedly raised objections regarding the modifications.