ഇന്നത്തെ ഇന്ത്യയിൽ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ല-യുപിയിലെ വിദ്യാർഥി സംഗമത്തിൽ രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
പ്രയാഗ്‌രാജിലെ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി | PHOTO: PTI
പ്രയാഗ്‌രാജിലെ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി | PHOTO: PTI

പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇന്ത്യയിൽ ഒരു ബിരുദ സർട്ടിഫിക്കറ്റുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അത് യുവാക്കൾക്ക് ജോലി ഉറപ്പാക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ തൊഴിൽ മേഖലയിലെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. പരീക്ഷാ പേപ്പറുകൾ ചോരുന്നതും സമ്പന്നരായ വിദ്യാർഥികൾ അവ വിലയ്ക്ക് വാങ്ങുന്നതും സാധാരണമായി മാറിയിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

രാജ്യത്തെ 40 കോടി യുവാക്കളുടെ 'വേദന, ഡാറ്റ, സമ്പത്ത്' എന്നീ മൂന്ന് കാര്യങ്ങളെ കേന്ദ്രീകരിച്ചാണ്  സംസാരിക്കാനാഗ്രഹിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ഡാറ്റ വിദ്യാർഥികളുടേതാണ്, വേദനയും വിദ്യാർഥികളുടേതാണ്, എന്നാൽ സമ്പത്ത് സർക്കാരിൻ്റേതാണ്. യുവാക്കളുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ ഡാറ്റ വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറുകയും പകരം യുവാക്കൾക്ക് റീലുകൾ നിർമിക്കാനും സോഷ്യൽ മീഡിയയിൽ സമയം ചിലവഴിക്കാനുമുള്ള സാഹചര്യങ്ങൾ നൽകി സർക്കാർ അവരെ അടിമകളാക്കുകയുമാണെന്ന് രാഹുൽ പറഞ്ഞു.

വെറുപ്പിലൂടെയോ അക്രമത്തിലൂടെയോ അല്ല, മറിച്ച് സ്നേഹത്തിലൂടെയും ആദരവിലൂടെയുമാണ് നിലവിലുള്ള ഈ വ്യവസ്ഥിതി മാറ്റേണ്ടതെന്ന് രാഹുൽ വിദ്യാർഥികളോട് പറഞ്ഞു. യുവത്വവും ഡാറ്റയും ചേരുന്നതാണ് 21-ാം നൂറ്റാണ്ടിലെ സമ്പദ്‌വ്യവസ്ഥയെന്നും ഇന്ത്യയിലെ യുവാക്കൾക്ക് ശരിയായ അവസരങ്ങൾ നൽകുന്നതിൽ നിലവിലെ സംവിധാനം പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi critiques the failure of the education system to provide jobs., Highlights the issue of paper leaks and corruption in examinations., Introduces the 'Dard, Data, Daulat' framework to explain youth exploitation., Criticizes the corporate use of youth data and social media distraction., Emphasizes the need for systemic change through love and respect.