'സ്‌നേഹത്തിന്റെ ശബ്ദം കേൾപ്പിക്കാനുള്ള ദൗത്യം ഇപ്പോഴും തുടരുന്നു'; ജോഡോ യാത്രയുടെ വാർഷികത്തിൽ രാഹുൽ

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയപ്പോൾ കുട്ടികൾക്കൊപ്പം രാഹുൽ ഗാന്ധി (ഫയൽ ഫോട്ടോ) | Photo: Press Trust of India
ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയപ്പോൾ കുട്ടികൾക്കൊപ്പം രാഹുൽ ഗാന്ധി (ഫയൽ ഫോട്ടോ) | Photo: Press Trust of India

ന്യൂഡല്‍ഹി: സ്‌നേഹത്തിന്റെ ശബ്ദം രാജ്യത്തിന്റെ മുക്കിലും മൂലയിലും കേള്‍ക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര തുടങ്ങിയതിന്റെ രണ്ടാം വാര്‍ഷികദിനത്തോടനുബന്ധിച്ചാണ് രാഹുലിന്റെ പ്രതികരണം. അന്തര്‍ലീനമായ സ്‌നേഹമുള്ളവരാണ് ഇന്ത്യക്കാര്‍ എന്ന് ഭാരത് ജോഡോ യാത്ര തെളിയിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

'നിശബ്ദതയുടെ സൗന്ദര്യം എന്താണെന്ന് ഭാരത് ജോഡോ യാത്ര എന്നെ പഠിപ്പിച്ചു. ആരവം മുഴക്കുന്ന ജനക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് തൊട്ടടുത്തുള്ള ആളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അയാളെ കേള്‍ക്കാനുമുള്ള ശക്തി ഞാന്‍ കണ്ടെത്തി. ആ 145 ദിവസങ്ങളിലും അതിന് ശേഷമുള്ള രണ്ട് വര്‍ഷങ്ങളിലും ഞാന്‍ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ കേട്ടു. ഓരോ ശബ്ദവും വിവേകം നിറഞ്ഞതായിരുന്നു. ഓരോ ശബ്ദവും എന്നെ പുതിയ എന്തെങ്കിലും പഠിപ്പിച്ചു. ഓരോ ശബ്ദവും നമ്മുടെ പ്രിയപ്പെട്ട ഭാരതമാതാവിനെ പ്രതിനിധീകരിക്കുന്നതായിരുന്നു', രാഹുല്‍ എക്‌സില്‍ കുറിച്ചു. 

'സ്‌നേഹം വിദ്വേഷത്തെ കീഴടക്കുമെന്നും പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തുമെന്നും യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ഇന്നും നമ്മുടെ ദൗത്യം അതേപോലെ തുടരുകയാണ്- ഭാരതമാതാവിന്റെ ശബ്ദം, സ്‌നേഹത്തിന്റെ ശബ്ദം, അത് നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ മുക്കിലും മൂലയിലും കേള്‍ക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ദൗത്യമാണ് അത്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

2022 സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 145 ദിവസം കാല്‍നടയായി നടത്തിയ യാത്ര 2023 ജനുവരി 30-ന് ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് അവസാനിച്ചത്. യാത്രയ്ക്കിടെ ചെറുതും വലുതുമായ നൂറുകണക്കിന് യോഗങ്ങളില്‍ രാഹുല്‍ സംസാരിച്ചു. കൂടാതെ 13 വാര്‍ത്താ സമ്മേളനങ്ങളും നടത്തി. 

ഭാരത് ജോഡോ യാത്രയ്ക്കിടെ പ്രവർത്തകർക്കൊപ്പം രാഹുൽ | Photo: 
Asian News International

കമല്‍ ഹാസന്‍, പൂജാ ഭട്ട്, റിയ സെന്‍, സ്വര ഭാസ്‌കര്‍, റഷാമി ദേശായി, ആകാംക്ഷ പുരി, അമോല്‍ പലേക്കര്‍ തുടങ്ങി നിരവധി പ്രമുഖവ്യക്തികള്‍ വിവിധയിടങ്ങളില്‍ രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. കൂടാതെ മുന്‍ സൈനിക മേധാവി ജനറല്‍ (റിട്ടയേഡ്) ദീപക് കപൂര്‍, മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ (റിട്ടയേഡ്) എല്‍. രാംദാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുന്‍ സൈനികര്‍, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, മുന്‍ ഫിനാന്‍സ് സെക്രട്ടറി അരവിന്ദ് മായാരാം തുടങ്ങിയവരും യാത്രയുടെ ഭാഗമായി. 

പ്രതിപക്ഷത്തുനിന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും ഒമര്‍ അബ്ദുള്ളയും, പി.ഡി.പിയിലെ മെഹബൂബ മുഫ്തി, ശിവസേന (യു.ബി.ടി) നേതാക്കളായ ആദിത്യ താക്കറെ, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് റാവത്ത്, എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം) നേതാവ് സുപ്രിയ സുലെ എന്നിവരും യാത്രയുടെ ഭാഗമായി. അതേസമയം, സി.പി.എം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

Content Highlights: Mission remains to ensure voice of love heard in every corner of country, says Rahul Gandhi