5, സുനേരി ബാഗ് റോഡ്, ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധിക്ക്‌ പുതിയ മേല്‍വിലാസം?

രാഹുല്‍ഗാന്ധിക്ക് അനുവദിച്ച സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ്, രാഹുല്‍ഗാന്ധി | Photo: PTI, ANI
രാഹുല്‍ഗാന്ധിക്ക് അനുവദിച്ച സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ്, രാഹുല്‍ഗാന്ധി | Photo: PTI, ANI

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്ക് ഡല്‍ഹിയില്‍ പുതിയ വസതി അനുവദിച്ച് ഹൗസിങ് കമ്മിറ്റി. സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവാണ് രാഹുലിന് വാഗ്ദാനംചെയ്തത്. ഇത് അദ്ദേഹം ഏറ്റെടുത്തേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ടൈപ് എട്ട് ബംഗ്ലാവിന് അര്‍ഹനാണ് രാഹുല്‍ഗാന്ധി. ക്യാബിനറ്റ് മന്ത്രിമാര്‍, സുപ്രീംകോടതി- ഹൈക്കോടതി ജഡ്ജിമാര്‍, കേന്ദ്രമന്ത്രിമാര്‍, സര്‍ക്കാരിലെ പ്രധാന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ടൈപ് എട്ട് ബംഗ്ലാവ് അനുവദിക്കുന്നത്.

22 അക്ബര്‍ റോഡ്, ഏഴ് സഫ്ദര്‍ജംഗ് റോഡ് വസതികളായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടതെന്ന് സൂചനയുണ്ട്. എന്നാല്‍, അനുരാഗ് ഠാക്കൂറും രാംമോഹന്‍ നായിഡുവുമാണ് ഈ വസതികളിലുള്ളത്.ഇതോടെയാണ് സുനേരി ബാഗ് റോഡിലെ വസതി രാഹുലിന് വാഗ്ദാനംചെയ്തത്.

രാഹുല്‍ഗാന്ധിക്ക് അനുവദിച്ച സുനേരി ബാഗ് റോഡിലെ അഞ്ചാം നമ്പര്‍ ബംഗ്ലാവ്‌ | Photo: PTI

കഴിഞ്ഞദിവസം രാഹുലിന്റെ സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാഹുലിന്റെ അയല്‍ക്കാരിലൊരാളായിരിക്കും. 19 വര്‍ഷത്തോളം താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ 12-ാം നമ്പര്‍ വീട്, അപകീര്‍ത്തി പരാമര്‍ശത്തില്‍ ശിക്ഷ വിധിക്കപ്പെട്ടതോടെ രാഹുല്‍ ഒഴിഞ്ഞിരുന്നു. പിന്നീട് കുറ്റവിമുക്തനാക്കിയപ്പോള്‍ അദ്ദേഹത്തിന് അനുവദിച്ച വസതി ഏറ്റെടുക്കാതെ 10 ജന്‍പഥില്‍ അമ്മ സോണിയാഗാന്ധിക്കൊപ്പമാണ് താമസിച്ചുവരുന്നത്.

Content Highlights: Lok Sabha House Committee offers Rahul Gandhi new residence