'തികച്ചും അസംബന്ധം'; രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനം |ഫോട്ടോ:പി.ടി.ഐ
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനം |ഫോട്ടോ:പി.ടി.ഐ

ന്യൂഡൽഹി: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടർമാരിൽ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാൽ,  പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് കമ്മിഷൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിലെയും വോട്ടര്‍ രജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയിലെയും തിരിമറി, കള്ളവോട്ട് തുടങ്ങിയവയിലൂടെ  മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം. 

മഹാരാഷ്ട്രയിലെ വോട്ടർ പട്ടികയ്‌ക്കെതിരെ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് നിയമവാഴ്ചയ്‌ക്കെതിരായ വെല്ലുവിളിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വസ്തുതകളെല്ലാം 2024 ഡിസംബർ 24-ന് തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയ മറുപടിയിൽ പുറത്തുവിട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഈ വസ്തുതകളെല്ലാം പൂർണ്ണമായും അവഗണിച്ചാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി. 

ആരെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ് മാത്രമല്ലെന്നും അതത് രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച ആയിരക്കണക്കിന് പ്രതിനിധികൾക്ക് കളങ്കം വരുത്തിവെക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് സമയത്ത് സുതാര്യമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുന്നതുകൂടിയാണിത്. വോട്ടർമാരിൽ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാൽ,  പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണ്. - തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം 'മാതൃഭൂമി' അടക്കമുള്ള മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മിഷന്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്‌തെന്നും രാഹുല്‍ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ച എക്‌സില്‍ കുറിച്ചു. ഇത്തരം 'മാച്ച് ഫിക്‌സഡ്' തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: Rahul Gandhi-Match-Fixing-Maharashtra Polls-eci-response