'എനിക്ക് ഹിന്ദിയറിയില്ല, രാഹുലിനറിയാം'; തോളിൽകൈയിട്ട് എംഎ ബേബി; ബിഹാറിൽ ഒന്നിച്ച് മഹാസഖ്യം

പട്ന: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ബിഹാറിലെ മഹാസഖ്യത്തിന്റെ പ്രക്ഷോഭവേദിയിൽ. ഇരുവരും തോളിൽ കൈയിട്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്നയിൽ മഹാസഖ്യത്തിന്റെ പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു ഇരുവരും. ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും പങ്കെടുത്തു.
'നിങ്ങൾക്കെല്ലാവർക്കുമറിയാം, ഞാൻ കേരളത്തിൽ നിന്നുള്ളയാളാണ്. എന്റെ ഭാഷ മലയാളമാണ്. എന്റെ ഹിന്ദി വളരെ മോശവും. രാഹുൽ ഗാന്ധിയും കുറച്ചു കാലം കേരളത്തിൽ നിന്നുള്ള എംപിയായിരുന്നു. എന്നാൽ, ഇത് കഠിനമായ ഭാഷയെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല. സംഘടിച്ച് പ്രവർത്തിക്കാനുള്ള സമയമാണ്', തടിച്ചുകൂടി ജനത്തോടായി എം.എ. ബേബി പറഞ്ഞു. ചെറുചിരിയോടെ രാഹുൽ ഗാന്ധി നോക്കിനിന്നു.
ഇത് പ്രസംഗിക്കാനുള്ള സമയമല്ലെന്നും സംഘടിച്ച് പ്രവർത്തിക്കാനുള്ളതാണെന്നും ബേബി പറഞ്ഞു. ബിഹാറിനൊരു ചരിത്രമുണ്ട്. ഇവിടെ നിന്നാരംഭിക്കുന്ന ഏതൊരു പോരാട്ടവും വിജയിക്കുകതന്നെ ചെയ്യും. ഭരണഘടനയെ പിന്തുണയ്ക്കുന്നതിനുള്ള പോരാട്ടമാണിത്, എം.എ. ബേബി പ്രസംഗത്തിൽ പറഞ്ഞു. പട്നയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിനു മുമ്പിൽ വെച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മഹാസഖ്യത്തിന്റെ പ്രക്ഷോഭം. സഖ്യത്തിലെ എല്ലാ പാർട്ടികളും പങ്കെടുത്തു.
Content Highlights: Rahul Gandhi, M.A. Baby Unite at Bihar Mahagatbandhan Protest A Show of Opposition Strength