ഇഷ്ടപ്പെട്ട ബിജെപി നേതാവാരെന്ന് വെളിപ്പെടുത്തി രാഹുൽ ഗാന്ധി ‘ആസ്ക് മീ എനിതിങ്ങു’മായി ഇൻസ്റ്റയിൽ

#ന്യൂസ് ഡെസ്ക്
Video grab image
Video grab image

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളുമായി നടത്തിയ സംവാദം ശ്രദ്ധേയമാകുന്നു. 'ആസ്‌ക് മി എനിതിങ്' എന്ന സെഷനിലൂടെ വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ, രാജ്യത്തെ വിദ്യാഭ്യാസ സാഹചര്യം, വ്യക്തി താൽപ്പര്യങ്ങൾ തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ലെന്നും അടിച്ചമർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് വിദ്യാഭ്യാസ മേഖല പിടിച്ചടക്കിയതോടെ യുവാക്കളുടെ ചിന്താശേഷിയെ നശിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കവെ, ഏത് സർക്കാരായാലും, കേന്ദ്രമായാലും ഝാർഖണ്ഡ് സർക്കാരായാലും വിദ്യാർത്ഥികൾ പറയുന്നത് കേൾക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾ സമൂഹത്തിന്റെ കരുത്താണെന്നും എല്ലാ മേഖലകളിലും അവർക്ക് തുല്യമായ അല്ലെങ്കിൽ അതിനേക്കാൾ വലിയ ഇടം ലഭിക്കണമെന്നും രാഹുൽ പറഞ്ഞു. സ്ത്രീകൾ ധൈര്യത്തോടെയും ശക്തിയോടെയും മുന്നോട്ട് വരണമെന്നും അവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

പ്രിയപ്പെട്ട ബിജെപി നേതാവ് ആരാണ് എന്ന് ഇതിനിടെ ഒരാൾ ചോദിച്ചു. അതിന് 'ക്യാപ്റ്റൻ അമരീന്ദർ സിംഗ്' എന്നായിരുന്നു രാഹുലിന്റെ മറുപടി. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നതിനും രാഹുൽഗാന്ധിക്ക് കാരണമുണ്ട്. അദ്ദേഹം ഒരു 'കൂൾ' വ്യക്തിയാണെന്നും സൈനീകമായ അറിവുകളിൽ വിദഗ്ദ്ധനാണെന്നും പറഞ്ഞ രാഹുൽ, 'ഹലോ അമരീന്ദർ അങ്കിൾ' എന്ന് അദ്ദേഹത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു.

താങ്കൾ ബാറ്റ്മാൻ ആണോ എന്ന രസകരമായ ചോദ്യത്തിന്, എന്നേയും ബാറ്റ്മാനേയും ആരും ഇതുവരെ ഒരു മുറിയിൽ ഒന്നിച്ച് കണ്ടിട്ടില്ലല്ലോ എന്നായിരുന്നു അതിനോടുള്ള രാഹുലിന്റെ തമാശരൂപേണയുള്ള പ്രതികരണം.

ബുദ്ധൻ, ഗുരുനാനാക്ക് ദേവ്, നാരായണ ഗുരു, ബി ആർ അംബേദ്കർ, മഹാത്മാ ഗാന്ധി തുടങ്ങിയ മഹദ്വ്യക്തികളുടെ ദർശനങ്ങളാണ് തന്റെ ഭരണഘടനാ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുള്ളതെന്നും അദ്ദേഹം സംവാദത്തിനിടെ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം വഴി യുവാക്കളിലേക്ക് നേരിട്ടെത്താനുള്ള രാഷ്ട്രീയ നേതാക്കളുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്

Content Highlights: Rahul Gandhi critiques the current state of the Indian education system., Emphasis on the need for governments to listen to student protests like those in Jharkhand., Advocacy for gender equality and women's empowerment in all sectors., Inspiration drawn from leaders like Narayana Guru, Ambedkar, and Gandhi., Direct engagement with youth via social media platforms.