അദാനിക്കായി മഴക്കാടുകൾ വെട്ടിമാറ്റുന്നു; ഗ്രേറ്റ് നികോബാറിൽ രാജ്യത്തെ ഏറ്റവുംവലിയ അഴിമതി-രാഹുൽ

#സ്വന്തം ലേഖകൻ
നിക്കോബാറിലെ കാംബെൽ ബേയിലെ ഐഎൻഎസ് ബാസ് ഗേറ്റിൽ ലോക്‌സഭാ എംപി രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്നു | AICC/ANI
നിക്കോബാറിലെ കാംബെൽ ബേയിലെ ഐഎൻഎസ് ബാസ് ഗേറ്റിൽ ലോക്‌സഭാ എംപി രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്നു | AICC/ANI

ന്യൂഡൽഹി: ഗ്രേറ്റ് നികോബാറിൽ നടക്കുന്നത് രാജ്യത്തിന്റെ പ്രകൃതി-ഗോത്ര പൈതൃകത്തിനെതിരേ നമ്മുടെ ജീവിതകാലത്തുള്ള ഏറ്റവുംവലിയ അഴിമതിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. അദാനിയുടെ മനോരാജ്യം പൂവണിയാൻ ഇടതൂർന്ന മഴക്കാടുകളാണ് വെട്ടിനശിപ്പിക്കാൻ പോകുന്നതെന്നും ഇതിനെതിരേ രാജ്യം കണ്ണുതുറക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അന്തമാൻ സന്ദർശിച്ച രാഹുൽ, അവിടെയുള്ള ആദിവാസികളുമായും കുടിയേറ്റക്കാരുമായും സംവദിച്ചശേഷം ‘എക്സി’ൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഇന്ന് ഞാൻ ഗ്രേറ്റ് നികോബാറിലൂടെ സഞ്ചരിച്ചു. ജീവിതത്തിൽ കണ്ടതിൽ ഏറ്റവും അസാധാരണമായ വനങ്ങളാണിവ. ആയിരക്കണക്കിന് ഏക്കർ മഴക്കാടുകൾ. ഈ മരങ്ങളെല്ലാം വെട്ടാൻ പോവുന്നു. ഇന്ത്യയുടെ പരിസ്ഥിതിയെയും ഇവിടത്തെ ജനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കാതെ. അദാനി എന്ന ഒറ്റ ബിസിനസ്സുകാരന്റെ മനോരാജ്യം പൂവണിയാനാണിത്.

ഇവിടെ ലക്ഷക്കണക്കിന് കോടിയുടെ ഇടതൂർന്ന മരങ്ങളുണ്ട്. ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും ഈ പദ്ധതിക്കെതിരാണ്. അവരോട് ആരും ചോദിച്ചിട്ടില്ല. അവരുടെ ഭൂമിക്ക് എത്ര നഷ്ടപരിഹാരം കിട്ടുമെന്നറിയില്ല. കൊള്ളയുടെ ഈ മൊത്തക്കച്ചവടം കൂടുതൽ ജനങ്ങൾ കാണണം. ഇവിടെ ഗോത്രവർഗക്കാരും കുടിയേറ്റക്കാരും ഈ മേഖല സംരക്ഷിക്കാൻമാത്രമായി വന്ന വിരമിച്ച പട്ടാളക്കാരുമുണ്ട്. അവർ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനാവശ്യപ്പെട്ടതിനാലാണ് ഇവിടെ വന്നത്. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയാണിത്. പരിസ്ഥിതി സംരക്ഷിക്കാൻ അവർ മുന്നോട്ടുവരണം’’ -രാഹുൽ പറഞ്ഞു.

‘‘ഇതിനെ സർക്കാർ ‘പദ്ധതി’ എന്നുവിളിക്കുന്നു. പക്ഷേ, അവിടെ കണ്ടത് പദ്ധതിയല്ല. കോടാലിക്കായി അടയാളപ്പെടുത്തിയ കോടിക്കണക്കിന് മരങ്ങളുണ്ട്. 160 ചതുരശ്രകിലോമീറ്റർ മഴക്കാടുകൾ നശിപ്പിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. ഇത് വികസനമല്ല. വികസനത്തിന്റെ ഭാഷയിൽ പൊതിഞ്ഞ നാശമാണ്. ഗുരുതര കുറ്റകൃത്യമാണ്. ഇന്ത്യക്കാർ ഒരുമിച്ചാൽ നാശം തടയാനാകും’’ -രാഹുൽ കൂട്ടിച്ചേർത്തു.

Content Highlights: Rahul Gandhi criticizes the Great Nicobar project as a major threat to tribal and ecological heritage., 160 square kilometers of rainforests are at risk of deforestation., Local tribal communities and settlers have not been consulted regarding the project., The project is described as 'destruction disguised as development'., Call for youth and citizens to unite against the environmental impact.