പ്രതിഷേധങ്ങളിലെ രാഹുലിന്റെ ‘മിന്നൽ തന്ത്രങ്ങൾ’; പോലീസിന് പ്രതിസന്ധി, ഘടകക്ഷികൾക്ക് അതൃപ്തി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ വിള്ളൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ സെപ്റ്റംബർ 30-നാണ് ഇന്ത്യ സഖ്യം യോഗം ചേർന്നത്. എസ്ഐആറിലെയും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യാപക പ്രതിഷേധ പരിപാടികൾ പ്രതിപക്ഷ പാർട്ടികൾ ആസൂത്രണം ചെയ്തു. അതിലൊന്നായിരുന്നു ചൊവ്വാഴ്ച നടന്ന എംപിമാരുടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കുള്ള മാർച്ച്. മാർച്ചിന് മുന്നോടിയായി ഡൽഹി പോലീസ് കനത്ത മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കുള്ള പാതയിൽ കനത്ത ബാരിക്കേഡുകൾ തീർത്തു. പോലീസും അർദ്ധസൈനിക വിഭാഗവും സജ്ജമായിരുന്നു. കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എംപിമാർ മാർച്ച് ചെയ്തു. പോലീസ് തടഞ്ഞ് എംപിമാരെ കസ്റ്റഡിയിലെടുത്ത് വാഹനങ്ങളിൽ കയറ്റാൻ തുടങ്ങി. എന്നാൽ ഇതിൽനിന്ന് തെന്നിമാറി രാഹുൽ ഗാന്ധി നടത്തിയ മിന്നൽനീക്കം പ്രതിഷേധത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവന്നു.
രാഹുലും പ്രിയങ്കയും ആകാശവാണി ഭവന്റെ അകത്തേക്കുകടന്നു. പോലീസ് തടയാൻ ശ്രമിച്ചെങ്കിലും അവർ മുന്നോട്ടുപോകുകയായിരുന്നു. എംപിമാരെ കസ്റ്റഡിയിലെടുത്ത് സമരം അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസിന് മുന്നിൽ ഒഴിയാ പ്രതിസന്ധിയായി രാഹുലും പ്രിയങ്കയടക്കമുള്ളവരും ആകാശവാണിയിൽ മണിക്കൂറുകളോളം തുടർന്നു.
കൈയിൽ ത്രിവർണപതാക ഉയർത്തി ബാരിക്കേഡിനുമുകളിൽ നിൽക്കുകയും അപ്രതീക്ഷിത നീക്കത്തിലൂടെ പ്രതിഷേധത്തെ ശക്തമാക്കുകയും ചെയ്തതിലൂടെ രാഹുൽ സമരത്തിന്റെ പ്രധാന മുഖമായി മാറി. പോലീസിനെയും ഒപ്പംതന്നെ ഇന്ത്യമുന്നണിയിലെ മറ്റുപാർട്ടികളെയും ഒരുപോലെ അമ്പരിപ്പിക്കുന്നതായിരുന്നു രാഹുലിന്റെ നീക്കം.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് രാഹുൽ അപ്രതീക്ഷിത സമര തന്ത്രങ്ങളിലൂടെ പോലീസിനെയും കോൺഗ്രസ് പ്രവർത്തകരെയും അമ്പരിപ്പിക്കുന്നത്. ജൂലായിലാണ് ആദ്യത്തെ സംഭവം. സിജെപിയുടെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മിന്നൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയാണ് ആദ്യം ഞെട്ടിച്ചത്. പിന്നാലെ ജൂലായ് 20-ലെ പോലീസ് നടപടിയിൽ പെല്ലറ്റ് പരിക്കേറ്റ ഒരു വിദ്യാർഥി പ്രതിഷേധക്കാരനുമായി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ കയറി കേസ് രജിസ്റ്റർ ചെയ്യാനാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി, പുതിയ തന്ത്രത്തിന്റെ രണ്ടാം ഭാഗം കണ്ടു.
എന്നാൽ രാഹുലിന്റെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയിലെ രാഹുലിന്റെ നീക്കം പെട്ടെന്നുണ്ടായ സാഹചര്യത്തിൽ പ്രവർത്തിച്ചതാണെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. എന്നാൽ തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന അതൃപ്തിയാണ് ഘടകകക്ഷി നേതാക്കൾ ഉന്നയിക്കുന്നത്.
അതേസമയം സമരത്തിന്റെ മുഖമാകുന്നതിന് പുറമേ ഇത്തരത്തിലുള്ള നീക്കങ്ങൾ ചോരാതിരിക്കാൻ കൂടിയാണ് രഹസ്യമായി വയ്ക്കുന്നതെന്നാണ് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന സമരത്തിലും മറ്റു പ്രതിപക്ഷ പാർട്ടികൾ സമാനമായി അതൃപ്തി അറിയിച്ചിരുന്നു.
അന്ന് രാഹുലിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എൻ.സി.പി. നേതാവ് സുപ്രിയാ സുലെയും മാത്രമാണ് എത്തിയത്. മറ്റ് സഖ്യകക്ഷികൾ വിട്ടുനിൽക്കുകയായിരുന്നു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്നുള്ള രാഹുലിന്റെ ഇന്നലത്തെ ആവശ്യത്തോട് സിപിഎമ്മും സിപിഐയും പരസ്യമായി വിയോജിച്ചിട്ടുണ്ട്. ഒരുമിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന രാഹുലിന്റെ നിലപാടിനോട് യോജിപ്പില്ലെന്ന് സി.പി.എം. രാജ്യസഭാനേതാവ് ജോൺ ബ്രിട്ടാസും സി.പി.ഐ. രാജ്യസഭാനേതാവ് പി. സന്തോഷ് കുമാറും പറഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടെയും ഷോ ആയി മാറി സമരമെന്നും ചില നേതാക്കൾ പറഞ്ഞു.
Content Highlights: Rahul Gandhi and Priyanka Gandhi led a surprise march to the Election Commission office., Delhi Police detained protesting MPs, but Rahul and Priyanka entered Akashvani Bhavan to continue the protest., INDIA bloc allies expressed dissatisfaction over not being consulted on Rahul's sudden tactical moves., Left parties openly disagreed with Rahul's demand to meet Chief Election Commissioner Gyanesh Kumar.