ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഉത്തരം നല്‍കുക; തിരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷനോട് വീണ്ടും ചോദ്യമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്നും പേരോ ഒപ്പോ ഇല്ലാത്ത കുറിപ്പ് പുറത്തുവിടുന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മാര്‍ഗമല്ലെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.
'നിങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍, എന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അത് തെളിയിക്കുക. മഹാരാഷ്ട്രയിലെയടക്കം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പ്പട്ടിക ലഭ്യമാക്കണം. പോളിങ് ബൂത്തുകളിലെ വൈകീട്ടത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം' തുടങ്ങിയ ആവശ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നും 'മാതൃഭൂമി' അടക്കമുള്ള മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങളോടും തിരഞ്ഞെടുപ്പു കമ്മീഷന്‍ മൗനം പാലിക്കുകയോ ചിലപ്പോള്‍ അക്രമാസക്തമായി പ്രതികരിക്കുകയോ ചെയ്തെന്നും രാഹുല്‍ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി ശനിയാഴ്ച എക്സില്‍ കുറിച്ചു. ഇത്തരം 'മാച്ച് ഫിക്സഡ്' തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങളെ തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍, വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് പ്രതികരിച്ചു.
മഹാരാഷ്ട്രയിലെ വോട്ടര്‍ പട്ടികയ്ക്കെതിരെ ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിയമവാഴ്ചയ്ക്കെതിരായ വെല്ലുവിളിയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വസ്തുതകളെല്ലാം 2024 ഡിസംബര്‍ 24-ന് തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നല്‍കിയ മറുപടിയില്‍ പുറത്തുവിട്ടിരുന്നു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ വസ്തുതകളെല്ലാം പൂര്‍ണ്ണമായും അവഗണിച്ചാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
ആരെങ്കിലും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ് മാത്രമല്ലെന്നും അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ച ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് കളങ്കം വരുത്തിവെക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് സമയത്ത് സുതാര്യമായി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിരുത്സാഹപ്പെടുത്തുന്നതുകൂടിയാണിത്. വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Gandhi Asks to Release voter rolls, CCTV footage, Election commission