വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത് – മോദിയെ കടന്നാക്രമിച്ച് രാഹുൽ

ചെന്നൈ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അവരോടാണ് ക്ഷമാപണം നടത്തേണ്ടതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വിദ്യാർഥികൾക്ക് അദ്ദേഹത്തിന്റെ മാപ്പിന്റെ ആവശ്യമില്ലെന്നും പകരം പ്രധാനമന്ത്രി അവരോട് ക്ഷമാപണം നടത്തുകയാണ് വേണ്ടതെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരേ നടത്തിയ പരാമർശങ്ങളുടെ പേരിൽ വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവെച്ച് രാഹുൽഗാന്ധി നേരിൽകണ്ട് ആശ്വസിപ്പിച്ചു. മക്കളുടെ വേർപ്പാടിൽ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും നഷ്ടപ്പെട്ടുപോയ ഓരോ ജീവിതവും അവരുടെ കുടുംബങ്ങൾക്ക് നികത്താനാകാത്ത ആയുഷ്‌കാല വേദനയാണ് സമ്മാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകൾ റദ്ദാക്കുന്നതും വർഷങ്ങളായുള്ള തയ്യാറെടുപ്പുകൾ ഒറ്റരാത്രികൊണ്ട് തകരുന്നതും തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് തുറന്നുകാട്ടുന്നത്. വിദ്യാർഥികളോട് നീതി പുലർത്താത്ത ഒരു സിസ്റ്റത്തിൽനിന്ന് അവരോട് മാത്രം സത്യസന്ധമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.