മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ കേന്ദ്രം അപമാനിക്കുന്നു; MGNREGA പരിഷ്‌കരണത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎന്‍ആര്‍ഇജിഎ) മാറ്റി പകരം പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഓരോ വര്‍ഷവും ഗ്രാമീണ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ വേതനത്തോടെയുള്ള തൊഴില്‍ നിയമപരമായി ഉറപ്പ് നല്‍കുന്ന എംജിഎന്‍ആര്‍ഇജിഎയുടെ കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിബിജി രാം ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന പുതിയ ബില്‍ ആണ് കേന്ദ്രം അവതരിപ്പിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലാണ് പുതിയ ബില്‍ അവതരിപ്പിച്ചത്. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ്, മഹാത്മ ഗാന്ധിയുടെ ആശയങ്ങളോടും പാവപ്പെട്ടവരുടെ അവകാശങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത വിദ്വേഷമാണ് എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി എക്‌സില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചത്.
'എംജിഎന്‍ആര്‍ഇജിഎ മഹാത്മ ഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന ദര്‍ശനത്തിന്റെ ജീവിക്കുന്ന രൂപമാണ്. ഇത് ലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാര്‍ക്ക് ഒരു ജീവനാഡിയായി മാറിയിട്ടുണ്ട്. കൂടാതെ കോവിഡ്-19 സമയത്ത് ഒരു നിര്‍ണായക സാമ്പത്തിക സുരക്ഷാ പദ്ധതിയായിരുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.' രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
മോദിക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 'അസ്വസ്ഥത' ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ എന്‍ഡിഎ സര്‍ക്കാര്‍ എംജിഎന്‍ആര്‍ഇജിഎയെ 'വ്യവസ്ഥാപിതമായി' ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഈ പദ്ധതി എപ്പോഴും പ്രധാനമന്ത്രി മോദിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അതിനെ വ്യവസ്ഥാപിതമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന്, എംജിഎന്‍ആര്‍ഇജിഎയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ അദ്ദേഹം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അതിന്റെ ഭാഗമായി, എംജിഎന്‍ആര്‍ഇജിഎയെ കേന്ദ്രീകൃത നിയന്ത്രണത്തിന്റെ ഒരു ഉപകരണമാക്കി മാറ്റാനാണ് മോദി ആഗ്രഹിക്കുന്നത്.' രാഹുല്‍ ആരോപിച്ചു.
'പുതിയ ബില്ല് പ്രകാരം ബഡ്ജറ്റുകള്‍, പദ്ധതികള്‍, നിയമങ്ങള്‍ എന്നിവ കേന്ദ്രം നിശ്ചയിക്കും. സംസ്ഥാനങ്ങള്‍ക്ക് 40 ശതമാനം ചെലവ് വഹിക്കേണ്ടി വരും. ഫണ്ട് തീരുമ്പോള്‍, അല്ലെങ്കില്‍ വിളവെടുപ്പ് കാലത്ത്, തൊഴിലാളികള്‍ക്ക് മാസങ്ങളോളം തൊഴില്‍ നിഷേധിക്കപ്പെടും. ഈ 'ജനവിരുദ്ധ ബില്ലിനെ'തിരെ റോഡില്‍നിന്ന് പാര്‍ലമെന്റ് വരെ പ്രതിപക്ഷം പ്രതിഷേധിക്കും.' അദ്ദേഹം പറഞ്ഞു.
'ഈ പുതിയ ബില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് നേരെയുള്ള അപമാനമാണ്. വന്‍തോതിലുള്ള തൊഴിലില്ലായ്മയിലൂടെ ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെ നശിപ്പിച്ച ശേഷം, മോദി സര്‍ക്കാര്‍ ഇപ്പോള്‍ ദരിദ്ര ഗ്രാമീണ കുടുംബങ്ങളുടെ സുരക്ഷിതമായ ഉപജീവനത്തെ ലക്ഷ്യമിടുകയാണ്. സാധക് മുതല്‍ സന്‍സദ് വരെ, ഞങ്ങള്‍ ഈ ജനവിരുദ്ധ ബില്ലിനെ എതിര്‍ക്കും.' രാഹുല്‍ പറഞ്ഞു.
Content Highlights: Rahul Gandhi criticizes Centre`s plan to replace MGNREGA with VB-G RAM G bill, calling it an insult to Mahatma Gandhi`s ideals and a threat to rural livelihoods. Opposition vows protest.