‘ഞങ്ങൾ പോയാൽ നിങ്ങൾ വരുമെന്ന് മോദി പറഞ്ഞു’; 2024-ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് രാഹുൽ

#സ്വന്തം ലേഖകൻ
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോഗത്തിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലുമായി സംസാരിക്കുന്നു (PTI Photo)
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (CWC) യോഗത്തിനിടെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലുമായി സംസാരിക്കുന്നു (PTI Photo)

ന്യൂഡൽഹി: കോൺഗ്രസിനുമാത്രമേ ബി.ജെ.പി.യെ പരാജയപ്പെടുത്താനാകൂ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ തന്നോടിത് ശരിവെച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. 2024-ൽ നടന്ന പൊതുതിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടിമറിച്ചെന്ന ഗുരുതരആരോപണവും അദ്ദേഹം ഉന്നയിച്ചു. ചൊവ്വാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കൊപ്പം പങ്കെടുത്ത ഒരു തിരഞ്ഞെടുപ്പുസമിതി യോഗം അദ്ദേഹം അനുസ്മരിച്ചു. യോഗത്തിൽ എതിർപ്പുന്നയിച്ചപ്പോൾ, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെത്തന്നെയാണ് താനും പ്രവർത്തിക്കുന്നതെന്ന് മോദി പറഞ്ഞു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റ കാര്യം പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ചപ്പോൾ, ‘ഞങ്ങൾ പോകുമ്പോൾ നിങ്ങൾ വരും, അതിനാൽ താങ്കളെന്നെ വിശ്വസിക്കണ’മെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സ്വയം വിശ്വാസം പുലർത്തണമെന്നും ബി.ജെ.പി.യെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിയുമെന്നും പ്രവർത്തക സമിതി യോഗത്തിലെ പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.

തിരഞ്ഞെടുപ്പുകമ്മിഷനെതിരേ താൻ ഏറെക്കാലമായി ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പലരും വിശ്വസിച്ചിരുന്നില്ലെന്നും ഇപ്പോൾ മാധ്യമങ്ങളിൽ പുറത്തുവരുന്ന വിവരങ്ങൾ തന്റെ വാദങ്ങൾക്ക് കൂടുതൽ ശക്തി പകരുകയാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ‘ഒത്തുകളി’യാണ് നടന്നത്. അത് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെയും വോട്ടർപട്ടികയിലെയും ക്രമക്കേടുകളിലൂടെയായിരുന്നു. 2014-ലും 2019-ലും ക്രമക്കേടുകൾ സംബന്ധിച്ച ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും 2024 തിരഞ്ഞെടുപ്പ് പൂർണമായും അട്ടിമറിച്ചതാണെന്നും അതിന്റെ ഫലത്തിൽ സംശയമില്ലെന്നും രാഹുൽ പറഞ്ഞു.

2024-ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി 2023 ഡിസംബറിൽ പാർലമെന്റിൽ പാസാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയും രാഹുൽ ചൂണ്ടിക്കാട്ടി. ഡിസംബർ 21-ന് ലോക്‌സഭയിൽ ബിൽ പാസാക്കിയപ്പോൾ നൂറു പ്രതിപക്ഷ എം.പി.മാർ സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. രാജ്യസഭയിലും 45 എം.പി.മാർക്കെതിരേ നടപടി സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിൽ സുപ്രീംകോടതി നിർദേശിച്ചിരുന്ന രീതിയിൽ മാറ്റം വരുത്തിയതും ഉദ്യോഗസ്ഥർക്കെതിരായ നിയമനടപടികളിൽ സംരക്ഷണം നൽകുന്നതും നിയമത്തിലെ പ്രധാന മാറ്റങ്ങളായിരുന്നു. 2024-ലെ തിരഞ്ഞെടുപ്പിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് 2023-ൽത്തന്നെ സർക്കാർ തീരുമാനിച്ചിരുന്നുവെന്നതിന്റെ സൂചനയാണിത്.

Content Highlights: Rahul Gandhi asserts Congress is the only party capable of defeating BJP, citing Prime Minister Modi's acknowledgment of this fact.