‘80% ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ’; ബ്രിക്‌സ് ഉച്ചകോടിയിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരേ രാഹുൽ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ രാഷ്ട്രത്തലവന്മാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയതിനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ചോലെ ബട്ടൂരെയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ത്യയിലെ 80 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ഇവിടത്തെ നോൺ വെജ് വിഭവങ്ങൾ വളരെ രുചികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഒരു വിവരം പങ്കുവയ്ക്കട്ടെ: 80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെത്തന്നെ', എന്ന് രാഹുൽ എക്‌സിൽ കുറിച്ചു.
രാഹുലിന്റെ പരാമർശത്തിനെതിരേ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. വിദേശ നേതാക്കൾക്കായി ഒരുക്കിയ ഭക്ഷണ മെനുവിൽപോലും കോൺഗ്രസ് രാഷ്ട്രീയം കലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പ്രാദേശിക വൈവിധ്യങ്ങളും പോഷകഗുണങ്ങളും വിളിച്ചോതുന്ന സസ്യാഹാര വിഭവങ്ങൾ അതിഥികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചതെന്നും റിജിജു എക്‌സിൽ കുറിച്ചു.
കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത വിരുന്നിൽ ഖാണ്ട്വി മിൻ-ഫ്യൂയി, ഖുംബ് ഗലൗട്ടി, പനീർ ലബാബ്ദാർ, ഹിമാലയൻ കൂൺ വിഭവങ്ങൾ തുടങ്ങിയ ഇന്ത്യൻ സസ്യാഹാര വിഭവങ്ങളാണ് വിളമ്പിയത്. എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും വിരുന്നിൽനിന്ന് വിട്ടുനിന്നു. പകൽസമയത്തെ ഉച്ചകോടിക്കുശേഷം മടങ്ങിയതിനാലാണ് ഇരുവരും വിരുന്നിൽ പങ്കെടുക്കാതിരുന്നത്.