ഹിന്ദു-മുസ്‌ലിം ഭിന്നിപ്പിന് ബി.ജെ.പി. അധികാരം ഉപയോഗിക്കുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

രാഹുൽ ​ഗാന്ധി | Photo: ANI
രാഹുൽ ​ഗാന്ധി | Photo: ANI

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിച്ച സംഭവത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി. അധികാരം ഉപയോഗിക്കുന്നത് രാജ്യത്തിന്റെയും സംസ്ഥനങ്ങളുടെയോ താത്പര്യം സംരക്ഷിക്കാനല്ല, മറിച്ച് ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭലിലെ പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംഭലിലെ  മുസ്‌ലിം പള്ളിയില്‍ സര്‍വേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലും പോലീസ് നടപടിയിലും പ്രദേശവാസികളായ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രോണിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിഷേധക്കാരെ കണ്ടെത്തിയത്. 

ഉത്തര്‍പ്രദേശിലെ സംഭലില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമണ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിടുക്കത്തിലുള്ളതും പക്ഷപാതപരവുമായ നടപടി ഭൗര്‍ഭാഗ്യകരമാണ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. എല്ലാ വിഭാഗങ്ങളെയും കേള്‍ക്കാതെ അലംഭാവത്തോടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയും ആളുകളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിന്റെ ഉത്തരവാദിത്തം ബി.ജെ.പി. സര്‍ക്കാരിനാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

ഇക്കഴിഞ്ഞ ഞായറാഴ്ച സംഭലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ത്തില്‍ കലാശിച്ചത്. സര്‍വേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം തടയുകയായിരുന്നു. സര്‍വേയ്ക്ക് എത്തിയ പോലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ രൂക്ഷമായത്. തടിച്ചുകൂടിയ ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നും പോലീസിനും വാഹനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.

സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചു.

Content Highlights: Rahul Gandhi Blasts BJP Over Sambhal Violence