യുവാക്കളുടെ ഡേറ്റയും വേദനയും BJP സർക്കാർ മുതലാളിമാരുടെ ആസ്തിയാക്കുന്നു- യുവതയ്ക്കായി രാഹുൽ

#പ്രയാഗ്‌രാജിൽനിന്ന് പ്രകാശൻ പുതിയേട്ടി
പ്രയാഗ്‌രാജിൽ കോൺഗ്രസ് നടത്തിയ വിദ്യാർഥി കൺവെൻഷനിൽ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുന്നു | Photo: PTI
പ്രയാഗ്‌രാജിൽ കോൺഗ്രസ് നടത്തിയ വിദ്യാർഥി കൺവെൻഷനിൽ രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുന്നു | Photo: PTI

ന്യൂഡൽഹി: ഇന്ത്യയുടെ പൈതൃക കേന്ദ്രവും ത്രിവേണീസംഗമ ഭൂമിയുമായ പ്രയാഗ്‌രാജിൽ, മുത്തച്ഛൻ ജവാഹർ ലാൽ നെഹ്‌റുവിന്റെ ജന്മദേശമായ ഫൂൽപുരിൽ (പൂക്കളുടെ നഗരം) യുവാക്കൾക്കും വിദ്യാർഥികൾക്കുമായി ശബ്ദിച്ച് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കെ.പി. കോളേജ് മൈതാനത്തിലെ തിങ്ങിനിറഞ്ഞ അലഹാബാദ് സർവകലാശാലയിലെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ആരവങ്ങൾക്കിടയിൽ ചോദ്യപ്പേപ്പർ ചോർച്ചയിലും തൊഴിലില്ലായ്മയിലും ബി.ജെ.പി.ക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുമെതിരേ രാഹുൽ ആഞ്ഞടിച്ചു.

യുവാക്കളുടെ ഡേറ്റയും വേദനയും ബി.ജെ.പി. സർക്കാർ കുറച്ചു മുതലാളിമാരുടെ ആസ്തിയാക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ‘‘യുവജനങ്ങളാണ് ഭാരതത്തിന്റെ ശക്തി. ഇന്ത്യയിൽ ജെൻസീ 40 കോടി പേരുണ്ട്. ദിനംപ്രതി ഒരു ജി.ബി. ഡേറ്റ അവർ ഉപയോഗിക്കുന്നു. നിങ്ങളുടെ ശക്തിയിലാണ് ഈ രാജ്യത്തിന്റെ ഭാവി. നിങ്ങളുടെ ഡേറ്റയില്ലാതെ എ.ഐ.ക്ക് അർഥമില്ല. ഡേറ്റ നിങ്ങളുടെയാണെങ്കിലും നിങ്ങളുടെ ഭാവിയും കഴിവും ചക്രവ്യൂഹത്തിനുള്ളിലാണ്. വലിയ കമ്പനികൾക്ക്, ജിയോ, അദാനി, ഗൂഗിൾ, ഫെയ്‌സ്ബുക്ക് എന്നിവയ്ക്കെല്ലാം നിങ്ങളുടെ ഡേറ്റ നൽകുന്നു. എന്നിട്ട് നിങ്ങളോട് പറയുന്നു, നിങ്ങൾക്ക് രാജ്യത്ത് ജോലിയില്ലെന്ന്. പഠിക്കാൻ ബ്ലിങ്കിറ്റിൽ ജോലിചെയ്യുന്നു. അപ്പോൾ പേപ്പർചോർച്ച നടക്കുന്നു. ഏതെങ്കിലും പണക്കാരന്റെ കുടുംബം പേപ്പർക്കച്ചവടം നടത്തി നിങ്ങളുടെ ഭാവി തകർക്കുന്നെന്നും രാഹുൽ പറഞ്ഞു.

വിദ്യാർഥികൾക്കും ചെറുകിട സംരംഭകർക്കും ബാങ്കുകൾ വായ്പ നൽകുന്നില്ലെന്നും രാഹുൽ ആരോപിച്ചു. നമ്മുടെ ചെറുകിട കർഷകരെയെല്ലാം തകർത്തു. ഉത്പാദനമേഖല തകർത്തു. 90 ശതമാനം എം.എസ്.എം.ഇ.കൾക്കും വായ്പ നൽകുന്നില്ല. അംബാനിക്കും അദാനിക്കും ലക്ഷക്കണക്കിന് കോടി നൽകും. നിങ്ങൾക്കൊരു രൂപ നൽകില്ലെന്നും രാഹുൽ പറഞ്ഞു.

Content Highlights: Rahul Gandhi criticizes the BJP government for exploiting youth data and failing to curb unemployment.