എത്ര 'ടെമ്പോ' വേണ്ടിവന്നു; വിമാനത്താവളങ്ങള്‍ അദാനിക്ക് കൈമാറിയതെങ്ങനെ? പരിഹസിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ എങ്ങനെയാണ് ഗൗതം അദാനിക്ക്
കൈമാറിയതെന്ന് അദ്ദേഹം ആരാഞ്ഞു. സാമൂഹിക മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് രാഹുലിന്റെ പരിഹാസത്തിലൂന്നിയ വിമര്‍ശനം.
ഇപ്പോള്‍ നമ്മള്‍ ലഖ്‌നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരിക്കുകയാണ്. ചരണ്‍ സിങ്ജിയുടെ പേരിലുള്ള വിമാനത്താവളമാണിത്. ജനങ്ങളുടെ പണം കൊണ്ട് നിര്‍മിച്ച ഇതുപോലുള്ള ഏഴ് വിമാനത്താവളങ്ങള്‍- മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗളൂരു, ജയ്പുര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നിവ 2020-നും 2021-നും ഇടയില്‍ 50 കൊല്ലത്തേക്ക് നരേന്ദ്ര മോദി, ഗൗതം ഭായിക്ക് നല്‍കി. ഇതിന് എത്ര 'ടെമ്പോ' ആവശ്യമായി വന്നു, അത് കൂടി പറയൂ? രാഹുല്‍ പറഞ്ഞു.
എപ്പോള്‍ അന്വേഷണം ആരംഭിക്കുമെന്ന കാര്യം കൂടി പറയൂ. അദാനിയും അംബാനിയും കള്ളപ്പണം നല്‍കുകയാണെന്ന് അങ്ങ് പറഞ്ഞിരുന്നു. നാല് അഞ്ച് ദിവസം മുന്‍പ് പറഞ്ഞിരുന്നു. അന്വേഷണം ആരംഭിക്കൂ. സി.ബി.ഐയെയും ഇ.ഡിയെയും നിയോഗിക്കൂ., രാഹുല്‍ വീഡിയോയില്‍ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അംബാനിക്കും അദാനിക്കുമെതിരായ വിമര്‍ശനങ്ങള്‍ രാഹുല്‍ നിര്‍ത്തിയെന്ന് നരേന്ദ്ര മോദി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഇവരില്‍നിന്ന് കോണ്‍ഗ്രസ് പണം ടെമ്പോകളില്‍ സ്വീകരിച്ചുവെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദാനിയെയും ടെമ്പോയെയും ചേര്‍ത്ത് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
Content Highlights: rahul gandhi asks modi how many tempo did it take to handobver airport to adani