‘മോദിജീ പറയൂ, ടാങ്കിൽ എന്താണ് നിറയ്ക്കുന്നത്? ഇ20-യുടെ യഥാർത്ഥ പ്രയോജനം ആർക്ക്?’; കേന്ദ്രത്തിനെതിരേ രാഹുൽ

#ന്യൂസ് ഡെസ്ക്
നരേന്ദ്രമോദി | Photo: PTI | രാഹുൽ ഗാന്ധി | Photo: ANI
നരേന്ദ്രമോദി | Photo: PTI | രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിൽ വൻ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ഇ20 എന്നത് 420 ആക്കിമാറ്റി പൊതുജനങ്ങളുടെ വാഹനങ്ങളിൽനിന്ന് പെട്രോൾ മോഷ്ടിക്കുകയാണ്’ എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കർണാടക സർക്കാർ നടത്തിയ പരിശോധനാ ഫലങ്ങൾ മുൻനിർത്തിയാണ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയത്.

പെട്രോളിൽ 20 ശതമാനം എഥനോൾ അടങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ, കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകൾ അംഗീകൃത ലാബുകളിൽ പരിശോധിപ്പിച്ചപ്പോൾ 14-ൽ 11 സാമ്പിളുകളിലും എഥനോളിന്റെ അളവ് 20 ശതമാനത്തിനും മുകളിലാണെന്ന് കണ്ടെത്തിയതായി രാഹുൽ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഐഒസിഎല്ലിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിൽ 30.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തി. ഐഒസിഎൽ, എച്ച്പിസിഎൽ, ബിപിസിഎൽ, നയാര തുടങ്ങിയ പൊതുമേഖലാ-സ്വകാര്യ എണ്ണക്കമ്പനികളെല്ലാം അനുവദനീയമായ പരിധിക്കപ്പുറമാണ് ഇന്ധനത്തിൽ എഥനോൾ കലർത്തുന്നത്. കമ്പനികളുടെ സ്വന്തം ലാബുകൾ നൽകുന്ന റിപ്പോർട്ടുകളിൽ എഥനോളിന്റെ അളവ് പോലും ചേർത്തിട്ടില്ല.

ജനങ്ങൾ ഉയർന്ന തുക നൽകുന്നത് വിലകൂടിയ പെട്രോളിനാണ്, എന്നാൽ, ടാങ്കുകളിൽ നിറയുന്നത് എഥനോളാണ്. ഇത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും എഞ്ചിൻ കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. ആളുകൾ ആഗ്രഹത്തോടെ വാങ്ങിയ വാഹനങ്ങൾ നശിച്ചുപോകുന്ന അവസ്ഥയാണുള്ളതെന്നും പമ്പുകളിൽ എന്താണ് ഇന്ധനമായി നൽകുന്നത് എന്ന് വ്യക്തമാക്കുന്ന ലേബലുകൾ പോലുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"മോദി ജീ പറയൂ, ടാങ്കിൽ എന്താണ് നിറയ്ക്കുന്നത്? പെട്രോളിൽ യഥാർത്ഥത്തിൽ എത്രത്തോളം എഥനോൾ അടങ്ങിയിട്ടുണ്ട്? 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുക?", രാഹുൽ ഗാന്ധി ചോദിച്ചു.

നേരത്തെ പ്രധാനമന്ത്രിക്ക് മുന്നിൽവെച്ച സംവാദത്തിനായുള്ള വെല്ലുവിളി ഇപ്പോഴും നിലനിൽക്കുകയാണെന്നും സർക്കാരിന്റെ നയങ്ങൾകൊണ്ട് യഥാർത്ഥത്തിൽ പ്രയോജനം ലഭിക്കുന്നത് ആർക്കാണെന്ന ചോദ്യംകൂടി ഈ സംവാദത്തിലേക്ക് കൂട്ടിച്ചേർക്കുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

Content Highlights: Rahul Gandhi claims the E20 petrol policy is a fraud and robs vehicle owners., Karnataka lab tests show ethanol levels exceeding 20 percent in several fuel samples., IOCL and HPCL samples recorded ethanol levels up to 31.2 percent., Excess ethanol reduces vehicle mileage and causes engine damage., Demands answers from Prime Minister Narendra Modi regarding fuel quality and transparency.