അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു, ഇന്ത്യ അദാനിയുടെ പിടിയിൽ - രാഹുൽ ഗാന്ധി

രാഹുൽ ​ഗാന്ധി | Photo: AFP
രാഹുൽ ​ഗാന്ധി | Photo: AFP

ന്യൂഡൽഹി: ​ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ഉയർത്തി കോൺ​ഗ്രസ്. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും ഇന്ത്യയിൽ അദാനിയും മോദിയും ഒന്നാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയിൽ അദാനിയെ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും വിമർശിച്ചു.

അദാനിയെ അറസ്റ്റ് ചെയ്യുക, ചോദ്യം ചെയ്യുക. അവസാനം നരേന്ദ്ര മോദിയുടെ പേര് പുറത്തുവരും. കാരണം ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണ്. അതുകൊണ്ട് പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു. ഇന്ത്യ അദാനിയുടെ പിടിയിലാണ്. രാഹുൽ പറഞ്ഞു.

അദാനി രാജ്യത്തെ കൊള്ളയടിക്കുകയാണ്. അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നു. അയാൾക്ക് പിന്നിൽ വലിയ കണ്ണികളാണുള്ളത്. സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണ്. അദാനി ഉൾപ്പെട്ട അഴിമതി കേസിൽ പ്രധാനമന്ത്രിക്കും പങ്കുണ്ട്.

വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമോയെന്ന ചോദ്യത്തിന്, ഈ വിഷയം ഉന്നയിക്കുക ലോക്സഭാ പ്രതിപക്ഷനേതാവ് എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് രാഹുൽ പ്രതികരിച്ചു. അദാനി ഇന്ത്യയിൽ സ്വത്തുക്കൾ സമ്പാദിച്ചത് അഴിമതിയിലൂടെയാണ്. അയാൾ ബിജെപിക്ക് പിന്തുണ നൽകുന്നു.  ജെപിസിയാണ് ഞങ്ങളുടെ ആവശ്യം.  അദാനിയെ അറസ്റ്റ് ചെയ്യണം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി അദാനിയെ സംരക്ഷിക്കുന്നതിനാൽ  അറസ്റ്റ് ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാമെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സംരക്ഷിക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അദാനി യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണത്തിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയുടെ രൂക്ഷ വിമർശനം. 

Content Highlights: rahul gandhi against adani and narendra modi