വീടുമാറാതെ വിലാസം മാറി; പുണെയിൽ വോട്ടർമാരറിയാതെ വോട്ടർപ്പട്ടികയിൽ നടന്നത് വൻ തട്ടിപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ വോട്ടർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ വിലാസംമാറ്റി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്തതായി പരാതി. പുണെയിലെ ഭോസരി നിയമസഭാ മണ്ഡലത്തിലെ 58 വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തി എൻ.സി.പി. നേതാവ് അജിത് ഗവാനെ നൽകിയ പരാതിയിലാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ഇവരിൽ 51 പേരും മുസ്ലിങ്ങളാണെന്നതും ശ്രദ്ധേയമാണ്.
വിലാസംമാറ്റുന്നതിനുള്ള അപേക്ഷകൾ കൂട്ടത്തോടെ സമർപ്പിച്ച് വോട്ടർമാരുടെ പേരുകൾ പഴയ മണ്ഡലത്തിലെ പട്ടികയിൽനിന്ന് നീക്കംചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തിയ അധികൃതർ എട്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽനിന്ന് റിപ്പോർട്ട് തേടി. ഇതിൽ ചില അപേക്ഷകൾ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ.) സ്ഥലപരിശോധനയില്ലാതെയാണ് അംഗീകരിച്ചതെന്ന് കണ്ടെത്തി.
2024 ഒക്ടോബറിലാണ് പുണെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ (ഡി.ഇ.ഒ.) ആദ്യമായി ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെടുത്തിയതും മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സി.ഇ.ഒ.) റിപ്പോർട്ട് നൽകിയതും. മറ്റ് മണ്ഡലങ്ങളിലേക്ക് വിലാസം മാറ്റുന്നതിനുള്ള വോട്ടർ അപേക്ഷകളിൽ അസാധാരണമായ രീതികൾ ശ്രദ്ധയിൽപ്പെട്ടതായി അന്നത്തെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സുഹാസ് ദിവാസെ 2024 ഒക്ടോബർ 17-ന് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി അപേക്ഷകളിൽ പുതിയ വിലാസത്തിന്റെ തെളിവായി ഒരേ വൈദ്യുതി ബില്ലാണ് സമർപ്പിച്ചിരുന്നത്. ബില്ലിലെ പേര് അപേക്ഷകരുടെ പേരുമായി പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തി. മാത്രമല്ല, നിരവധി അപേക്ഷകൾ ഒരേ ഐ.പി. വിലാസത്തിൽനിന്നാണ് സമർപ്പിച്ചിരുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചുമാസത്തിനുശേഷം, 2025 മാർച്ച് 20-ന് പുണെയിലെ പുതിയ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജിതേന്ദ്ര ദുഡിയും സമാനമായ പരാതി ചീഫ് ഇലക്ടറൽ ഓഫീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധനയിൽ വിലാസം മാറ്റപ്പെട്ടതായി രേഖപ്പെടുത്തിയ പല വോട്ടർമാരും പഴയ താമസസ്ഥലങ്ങളിൽത്തന്നെയാണ് കഴിയുന്നതെന്ന് കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു. 2025 ഏപ്രിൽ നാലിന് നൽകിയ തുടർകത്തിലും അദ്ദേഹം വിഷയം ഉന്നയിച്ചു. 2026 ജനുവരിയിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം അപേക്ഷകളുടെ എണ്ണം വർധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
വിലാസം മാറ്റുന്നതിനുള്ള ഫോം എട്ട് (ഫോം 8) പുതിയ മണ്ഡലത്തിൽ അംഗീകരിച്ചാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇആർഒനെറ്റ് സോഫ്റ്റ്വെയർ വഴി പഴയ മണ്ഡലത്തിൽനിന്ന് വോട്ടറുടെ പേര് നീക്കം ചെയ്യുന്നതിനുള്ള ഫോം ഏഴ് (ഫോം 7) സ്വമേധയാ സൃഷ്ടിക്കപ്പെടും. എന്നാൽ പഴയ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ.) ഈ അപേക്ഷ നിരസിക്കാനുള്ള സൗകര്യം ഇആർഒനെറ്റ് സംവിധാനത്തിലില്ലെന്ന് ദുഡി ചൂണ്ടിക്കാട്ടി. അപേക്ഷ അംഗീകരിക്കുകയെന്ന ഒരേയൊരു ഓപ്ഷൻ മാത്രമാണ് പോർട്ടലിലുള്ളത്. അപേക്ഷകൾ വിശദമായി പരിശോധിക്കുന്നതുവരെ വോട്ടർപ്പട്ടികയിൽ മാറ്റം വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
2025 നവംബർ 19-നാണ് എൻ.സി.പി. നേതാവ് അജിത് ഗവാനെ മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർക്ക് നേരിട്ട് പരാതി നൽകിയത്. വിലാസം മാറ്റുന്നതിനോ പേര് നീക്കം ചെയ്യുന്നതിനോ ഈ വോട്ടർമാർ ആരും അപേക്ഷ നൽകിയിട്ടില്ലെന്നും ഭോസരി നിയമസഭാ മണ്ഡലത്തിലെ സ്ഥിരം താമസക്കാരാണ് ഇവരെന്നും പരാതിയിൽ അറിയിച്ചു. 58 പേരുടെ പട്ടികയും അദ്ദേഹം കൈമാറി. വോട്ടർമാരുടെ അറിവില്ലാതെ പേരുകൾ കൂട്ടത്തോടെ മാറ്റുകയും നീക്കംചെയ്യുകയും ചെയ്തതിന്റെ ഉദാഹരണമാണ് ഈ പട്ടികയെന്നും സമാനമായ 15,000-ത്തിലധികം കേസുകളുണ്ടെന്നുമായിരുന്നു ഗവാനെയുടെ ആരോപണം. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പി. (ശരദ് പവാർ) സ്ഥാനാർഥിയായി ഭോസരിയിൽ മത്സരിച്ച ഗവാനെ പരാജയപ്പെട്ടിരുന്നു.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ പിംപ്രി, താനെ, ഖഡക്വാസ്ല മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഫോം എട്ട് വഴിയുള്ള വിലാസം മാറ്റുന്നതിനുള്ള അപേക്ഷകൾ ബിഎൽഒമാരുടെ സ്ഥലപരിശോധനയില്ലാതെ അംഗീകരിച്ചതായി സമ്മതിച്ചു. സമയപരിമിതി കാരണമാണ് പരിശോധന നടത്താതെ അപേക്ഷകൾ അംഗീകരിച്ചതെന്നാണ് പിംപ്രി ഇആർഒയുടെ വിശദീകരണം. ഗവാനെയുടെ പട്ടികയിലുള്ള 42 അപേക്ഷകളും സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിൽ അംഗീകരിക്കുകയായിരുന്നു. താനെയിലെ പത്ത് അപേക്ഷകളും സമാനമായ രീതിയിൽ ബിഎൽഒ പരിശോധനയില്ലാതെ അംഗീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഖഡക്വാസ്ലയിലെ ഒരു അപേക്ഷയും രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അംഗീകരിച്ചത്.
അതേസമയം സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2026 ഒക്ടോബർ 31-ന് പുണെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപേക്ഷകളിൽ പരിശോധന നടത്താതെ വിലാസമാറ്റം അംഗീകരിച്ചതെങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിംപ്രി ഇ.ആർ.ഒ.യ്ക്ക് കാരണംകാണിക്കൽ നോട്ടീസും നൽകി.
ഗവാനെയുടെ പട്ടികയിലെ 58 പേരിൽ മൂന്നുപേർ മരിച്ചതായും 11 പേർ വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയ അതേ വിലാസത്തിൽത്തന്നെ താമസിക്കുന്നതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തി. ശേഷിക്കുന്ന 43 പേരെ ഭോസരി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുന്നതിനായി ഓൺലൈനായി ഫോം ആറ് അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.