പുണെയിൽ സാമൂഹിക മാധ്യമ പോസ്റ്റിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്ഞ

പുണെ: മഹാരാഷ്ട്ര, ദൗണ്ടിലെ യാവത് ഗ്രാമത്തിൽ സാമൂഹിക മാധ്യമത്തിലെ പ്രകോപനപരമായ പോസ്റ്റിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. രോഷാകുലരായ ജനക്കൂട്ടം പൊതുമുതലുകൾ നശിപ്പിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമം നിയന്ത്രണവിധേയമാകാതെ വന്നതോടെ പോലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായും ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആക്ഷേപകരമായ ഒരു വാട്സാപ്പ് പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് അധികൃതർ പറയുന്നത്.
രോഷാകുലരായ ജനങ്ങൾ ചേരിതിരിഞ്ഞ് ബേക്കറി തകർക്കുകയും മോട്ടോർസൈക്കിൾ കത്തിക്കുകയും ചെയ്തു. ഗ്രാമത്തിൽ സ്ഥിരതാമസക്കാരനല്ലാത്ത യുവാവാണ് പോസ്റ്റിട്ടതെന്ന് പോലീസ് പറയുന്നു. യുവാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പ്രദേശത്തെ മുൻകാല പ്രകോപനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വിഷയത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിനും സമാധാനം നിലനിർത്തുന്നതിനുമായി യാവത് ഗ്രാമത്തിൽ 48 മണിക്കൂർ നേരത്തേക്ക് നിരോധനാജ്ഞ (സെഷൻ 144) പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സിന്റെ (എസ്ആർപിഎഫ്) ഉൾപ്പെടെ ശക്തമായ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.
ചിലർ മനഃപൂർവം സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പുണെ റൂറൽ എസ്പി പങ്കജ് ദേശ്മുഖും വ്യക്തമാക്കി.
Content Highlights: iolence erupts in Yavat village after objectionable WhatsApp post