പുണെയിലെ പോര്‍ഷെ അപകടക്കേസ്: രക്തസാമ്പിളില്‍ തിരിമറി നടത്തിയതിന് പ്രതിയുടെ അമ്മ അറസ്റ്റില്‍

മുംബൈ: പുണെയിലെ ആഡംബര കാര്‍ അപകടക്കേസിലെ പ്രതിയായ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റില്‍. വൈദ്യപരിശോധനയ്ക്കുള്ള രക്തസാമ്പിളില്‍ തിരിമറി നടത്തിയതിനാണ് ഇവര്‍ അറസ്റ്റിലായത്. മദ്യലഹരിയില്‍ പതിനേഴുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ രക്തപരിശോധനയില്‍ കുട്ടി മദ്യപിച്ചിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ ശിവാനി സ്വന്തം രക്തം സാമ്പിളായി നല്‍കുകയായിരുന്നു.
രക്തസാമ്പിളില്‍ തിരിമറി കണ്ടെത്തിയതിന് പിന്നാലെ ഇതിന് കൂട്ടുനിന്ന രണ്ടു ഡോക്ടര്‍മാരും അറസ്റ്റിലായിരുന്നു. മുംബൈയില്‍നിന്ന് പുണെയിലെത്തിയ ശിവാനിയെ അര്‍ധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ ആദ്യം നടത്തിയ പരിശോധനയില്‍ കുട്ടിയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്നായിരുന്നു ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇത് സംശയങ്ങള്‍ക്ക് വഴിവെച്ചു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ രണ്ട് വ്യക്തികളില്‍നിന്നുള്ളതാണ് എന്ന് തെളിയുകയായിരുന്നു. ഇതാണ് ശിവാനിയുടെ അറസ്റ്റിലേക്ക് നയിച്ചത്.
മേയ് പത്തൊന്‍പതിനായിരുന്നു അപകടം. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ അനീഷ് അവാധ്യ, അശ്വിനി കോഷ്ഠ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടസമയത്ത് കാര്‍ ഓടിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദം ചെലുത്തിയതിന് കുട്ടിയുടെ അച്ഛന്‍ വിശാല്‍ അഗര്‍വാള്‍, മുത്തശ്ശന്‍ സുരേന്ദ്ര അഗര്‍വാള്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പതിനേഴുകാരനെ വീണ്ടും ചോദ്യംചെയ്യാന്‍ പുണെ പോലീസിന് അനുമതി ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ കുടുംബാംഗങ്ങളുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് ചോദ്യംചെയ്യുക.
Content Highlights: pune porsche accident case accused mother arrested for blood sample swaping