അധികാരമില്ലാത്തതിന്റെ രോഷം; ഇലക്ഷൻ കമ്മിഷനെതിരായ ആരോപണങ്ങളിൽ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്ത്

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: PTI
രാഹുൽ ഗാന്ധി | Photo: PTI

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ താറടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിക്ക് പ്രമുഖരുടെ തുറന്ന കത്ത്. റിട്ടയേര്‍ഡ് ജഡ്ജിമാര്‍, ബ്യൂറോക്രാറ്റുകള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 272 പേരാണ് ഈ തുറന്ന കത്തില്‍ ഒപ്പിട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജനങ്ങള്‍ക്കിടയില്‍ അവിശ്വാസം ജനിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെയും വിഷലിപ്തമായ വാക്കുകളിലൂടെയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ന്നുവെന്ന പ്രതീതി ജനിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. 16 ജഡ്ജിമാര്‍, 123 റിട്ടയേര്‍ഡ് ബ്യൂറോക്രാറ്റുകള്‍, 14 മുന്‍ അംബാസഡര്‍മാര്‍, 133 വിരമിച്ച സായുധസേന ഉദ്യോഗസ്ഥര്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരിക്കുന്നത്.

വോട്ട് മോഷണം, സായുധസേനയുടെ ധീരതയെ ചോദ്യം ചെയ്യല്‍, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം. വോട്ട് മോഷണം നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് ആരോപിച്ചിരുന്നുവെങ്കിലും, തന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ സത്യവാങ്മൂലമോ ഔദ്യോഗിക പരാതിയോ ഫയല്‍ ചെയ്യുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സായുധസേനയുടെ ധീരതയെയും നേട്ടങ്ങളെയും ചോദ്യം ചെയ്തും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്തതിനും പിന്നാലെ ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ ആക്രമിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ കടന്നാക്രമണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവരുമായി ബന്ധമുള്ള എന്‍ജിഒകളും ചേര്‍ന്ന് വ്യാപ്തി നല്‍കിയതായും കത്ത് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 'ബി.ജെ.പി.യുടെ ബി-ടീമായി' പ്രവര്‍ത്തിക്കുന്നു എന്നുവരെ ആരോപണങ്ങളുന്നയിച്ചു.

ഇത്തരം ആരോപണങ്ങളൊക്കെ കോടതി മേല്‍നോട്ടത്തിലുള്ള പരിശോധനയിലൂടെയും കമ്മിഷന്‍ അതിന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുകയും ചെയ്തതിലൂടെ ഇല്ലാതായി. കോടതി മേല്‍നോട്ടത്തില്‍ യോഗ്യതയില്ലാത്ത പേരുകള്‍ നീക്കം ചെയ്യുകയും പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തതിനാല്‍ ഈ പ്രചാരണങ്ങള്‍ തകരുകയാണെന്ന് കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കള്‍ തങ്ങളുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിന് പകരം ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെ തിരിയുന്നത് അധികാരമില്ലാത്തതിന്റെ രോഷപ്രകടനമാണെന്ന് കത്തില്‍ വിമര്‍ശിക്കുന്നു.

സാധാരണ പൗരന്മാരുടെ അഭിലാഷങ്ങളില്‍നിന്ന് അകന്നുപോകുമ്പോള്‍ തിരിച്ചടിയുണ്ടാകും. അതിന് രാഷ്ട്രീയ നേതാക്കള്‍ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിച്ച് രോഷം തീര്‍ക്കുന്നു. ഇവിടെ വിശകലനത്തിന് പകരം നാടകീയതയും പൊതുസേവനത്തിന് പകരം പൊതുപ്രകടനങ്ങളുമാണ് ഉണ്ടാകുന്നതെന്നത് കത്തില്‍ കുറ്റപ്പെടുത്തുന്നു.

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിഎന്‍ ശേഷന്‍, എന്‍ ഗോപാലസ്വാമി എന്നിവരെയും കത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇവരുടെ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനെ ശക്തമായ ഭരണഘടനാ സ്ഥാപനമാക്കി മാറ്റി. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാനോ പ്രശസ്തിക്ക് പിന്നാലോ പോകാനോ താത്പര്യപ്പെട്ടില്ല. അവര്‍ ഭരണഘടനാപരമായ അധികാരവും ചുമതലയും നിര്‍ഭയമായും പക്ഷപാതരഹിതമായും നടപ്പിലാക്കി. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തുടര്‍ന്നും സുതാര്യതയും കര്‍ശനമായ രീതിയും പാലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ആവശ്യമെങ്കില്‍ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കണമെന്നും ഇരവാദം ചമഞ്ഞുള്ള രാഷ്ട്രീയം നിരസിക്കണമെന്നും കത്ത് ആഹ്വാനം ചെയ്യുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയല്ലാതെ, നയപരമായ അവതരണത്തിലൂടെ മത്സരിക്കാനും ജനാധിപത്യ വിധികള്‍ മാന്യതയോടെ അംഗീകരിക്കാനും രാഷ്ട്രീയ നേതാക്കളോടും കത്ത് ആവശ്യപ്പെടുന്നു.

Content Highlights: Retired judges, bureaucrats, and military officials send an open letter to Rahul Gandhi, criticizing his attacks on the Election Commission and other constitutional bodies. Read more.