'വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ല'; ഫ്‌ളൈയിങ് കിസ്സിൽ രാഹുലിന് പ്രിയങ്ക ചതുർവേദിയുടെ പിന്തുണ

ന്യൂഡല്‍ഹി: ലോക് സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരായി ഉയര്‍ന്ന ഫ്‌ളൈയിങ് കിസ്സ് ആരോപണത്തില്‍ പിന്തുണയുമായി ശിവസേനാ (യുബിടി) എം.പി പ്രിയങ്ക ചതുര്‍വേദി. രാഹുലിന്റെ പെരുമാറ്റം സ്‌നേഹപ്രകടനമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഇത് വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ലെന്നും അവര്‍ പറഞ്ഞു.
ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുമ്പോള്‍ എല്ലാ മന്ത്രിമാരും എണീറ്റുനില്‍ക്കുകയായിരുന്നു. മന്ത്രിമാര്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുല്‍ സ്‌നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്‌നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ നിങ്ങള്‍ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍നിന്ന് പുറത്താക്കുകയും ചെയ്തു. കേസില്‍ വിജയിച്ച് അദ്ദേഹം തിരികെ വന്നു. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷം കാട്ടുന്നില്ല. നിങ്ങള്‍ക്ക് അദ്ദേഹത്തോടെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്, ബിജെപി അംഗങ്ങളെ പരാമര്‍ശിച്ച് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുല്‍ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങള്‍ക്കുനേരെ ഫ്‌ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വിഷയത്തില്‍ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തില്‍ 20 വനിതാ എം.പി.മാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: Priyanka Chaturvedi Defends Rahul Gandhi Amid Row Over Parliament 'Flying Kiss'