ശാസ്ത്രതത്ത്വങ്ങളുടെ ഉദ്ഭവം വേദങ്ങളില്‍, പിന്നീടവ പാശ്ചാത്യരുടെ കണ്ടെത്തലായിമാറി- ISRO ചെയര്‍മാന്‍

s somanath
s somanath

ഭോപാല്‍: ശാസ്ത്രതത്ത്വങ്ങളുടെ ഉദ്ഭവം വേദങ്ങളില്‍നിന്നാണെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ''ആള്‍ജിബ്ര, വര്‍ഗമൂലം, സമയസിദ്ധാന്തം, ആര്‍ക്കിടെക്ചര്‍, പ്രപഞ്ചഘടന, ലോഹങ്ങളെപ്പറ്റിയുള്ള പഠനം, വ്യോമയാനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും തത്ത്വങ്ങളും ആദ്യം കണ്ടത് വേദങ്ങളിലാണ്. അറബ് രാജ്യങ്ങളിലൂടെ യൂറോപ്പിലെത്തിയ അവ പിന്നീട് പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലായിമാറുകയുമായിരുന്നു'' -അദ്ദേഹം പറഞ്ഞു. ഉജ്ജെയ്നിയിലെ മഹര്‍ഷി പാണിനി സംസ്‌കൃത-വേദിക് യൂണിവേഴ്‌സിറ്റി ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോമനാഥ്.

ഭാരതീയശാസ്ത്രജ്ഞര്‍ അന്നുപയോഗിച്ചിരുന്ന ഭാഷ സംസ്‌കൃതമായിരുന്നു. വാമൊഴിയിലൂടെ പകര്‍ന്നുകൊടുക്കുകയും മനഃപാഠമാക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നിലനിന്നിരുന്നത്. പിന്നീട് ഏറെക്കഴിഞ്ഞാണ് ദേവനാഗരി ലിപി ഉപയോഗത്തിലായതെന്നും സോമനാഥ് പറഞ്ഞു. സംസ്‌കൃതത്തിന് വ്യാകരണനിയമങ്ങളുണ്ടാക്കിയത് പാണിനിയാണ്. ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഇന്ന് സംസ്‌കൃതത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. കംപ്യൂട്ടറിന് ഏറ്റവും അനുയോജ്യമായ ഭാഷയാണ് സംസ്‌കൃതമെന്നും അതിന്റെ സാധ്യതകളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജ്യോതിശ്ശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയിലുള്ള പല കണ്ടെത്തലുകളും ആദ്യം എഴുതപ്പെട്ടിട്ടുള്ളത് സംസ്‌കൃതത്തിലാണ്. എന്നാല്‍, അവ ഇനിയും പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള എട്ടാം നൂറ്റാണ്ടിലെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തുവന്ന ഗ്രന്ഥം 'സൂര്യസിദ്ധാന്തം' ഒരു റോക്കറ്റ് ശാസ്ത്രജ്ഞനെന്നനിലയില്‍ തന്നെ ആകര്‍ഷിച്ചെന്നും എസ്. സോമനാഥ് ചടങ്ങില്‍ പറഞ്ഞു.

Content Highlights: Principles of science originated in Vedas, but repackaged as western discoveries- ISRO chairman