പ്രഭാതസൂര്യനെ വണങ്ങി ധ്യാനപൂര്‍ണതയില്‍ മോദി;ഫോണ്‍ മാറ്റിവെച്ച് ഏകാഗ്രമായിരിക്കൂവെന്ന് കോണ്‍ഗ്രസ്

കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകാനന്ദപ്പാറയിലെ ധ്യാനം ഒരു രാത്രിയും പകലും പൂര്‍ത്തിയാക്കി. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലാണ് ധ്യാനം. വെള്ളിയാഴ്ച രാവിലെ ഉദയസൂര്യനെ വണങ്ങി. പൂജാപാത്രത്തിലെ തീര്‍ഥം കടലിലൊഴുക്കിയാണ് ആദ്യപ്രാര്‍ഥന പൂര്‍ത്തിയാക്കിയത്.
കാവിമുണ്ടും ജുബ്ബയുമായിരുന്നു വേഷം. നെറ്റിയില്‍ ഭസ്മക്കുറിയും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരുന്നു. സൂര്യനമസ്‌കാരത്തിനുശേഷം അദ്ദേഹം സഭാമണ്ഡപത്തിലെ വിവേകാനന്ദപ്രതിമയ്ക്കു മുന്നില്‍ ധ്യാനനിരതനായി.
ഉണക്കമുന്തിരിയും കരിക്കും മോരുമായിരുന്നു ആഹാരം. വിവേകാനന്ദപ്പാറയിലെ മാനേജരുടെ മുറി പ്രധാനമന്ത്രിയുടെ ഉപയോഗത്തിനായി പ്രത്യേകം സജ്ജീകരിച്ചിരുന്നു. അവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിനുശേഷമുള്ള സമയം ചെലവഴിച്ചത്.
വിവേകാനന്ദപ്പാറയിലേക്ക് നേരത്തേ സന്ദര്‍ശകരെ വിലക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. മോദി ധ്യാനമണ്ഡപത്തില്‍ ആയിരിക്കുമ്പോള്‍മാത്രമാണ് സന്ദര്‍ശകരെ പാറയിലേക്കു പോകാന്‍ അനുവദിച്ചത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ചുമാണ് കടത്തിവിട്ടത്. എണ്ണത്തിനും നിയന്ത്രണമുണ്ടായിരുന്നു. പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുന്ന മണ്ഡപത്തിനു സമീപത്തേക്ക് സന്ദര്‍ശകരെ അനുവദിച്ചില്ല.
ധ്യാനത്തിനിടെ ട്വീറ്റ്; ഫോണ്‍ മാറ്റിവെച്ച് ഏകാഗ്രമായിരിക്കൂവെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാന്‍ഡിലില്‍വന്ന ട്വീറ്റിനെതിരേ കോണ്‍ഗ്രസിന്റെ പരിഹാസം. 2023-24 സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദത്തിലെ ജി.ഡി.പി. വളര്‍ച്ചയെക്കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
2023-24 സാമ്പത്തികവര്‍ഷം രാജ്യം 8.2 ശതമാനം വളര്‍ച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനംചെയ്യുന്ന ജനങ്ങള്‍ക്ക് അതിന് നന്ദിപറയുന്നുവെന്നുമായിരുന്നു മോദി എക്‌സില്‍ കുറിച്ചത്. 'ഏകാഗ്രമായിരിക്കൂ മോദിജീ, ഫോണ്‍ ദൂരെ മാറ്റിവെക്കൂ' എന്നായിരുന്നു ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സി.യുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലെ പരിഹാസം.
Content Highlights: prime minister narendra modi completes meditation in kanyakumari