പ്രശാന്ത് കിഷോറിന് 96 കോടി രൂപയുടെ ആസ്തി; ഭാര്യയ്ക്ക് 102 കോടിയെന്ന് സത്യവാങ്മൂലം

ബാങ്കിപ്പുർ: 96 കോടി രൂപയുടെ ആസ്തിയുള്ളതായി വെളിപ്പെടുത്തി രാഷ്ട്രീയതന്ത്രജ്ഞനും ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രശാന്ത് കിഷോർ. ഭാര്യ ജാഹ്നവി ദാസിന് 102 കോടിയിലധികം രൂപയുടെ സ്വത്തുക്കളുണ്ടെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പ്രശാന്ത് കിഷോർ വെളിപ്പെടുത്തി.
22.19 കോടി രൂപയുടെ ജംഗമസ്വത്തുക്കളും 73.87 കോടി രൂപയുടെ സ്ഥാവരസ്വത്തുക്കളും പ്രശാന്ത് കിഷോറിന്റെ പേരിലുണ്ട്. അസ്സമിൽ ഡോക്ടറായി ജോലിചെയ്യുന്ന ഭാര്യയുടെ പേരിൽ 102 കോടി രൂപയുടെ സ്ഥാവരജംഗമ ആസ്തികളാണുള്ളത്. 5.7 കോടി രൂപയുടെ ബാങ്ക് ലോണുളളതായും സത്യവാങ്മൂലത്തിൽ പറയുന്നു.
ഗാസിയാബാദിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്‌സിൽ കിഷോറിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. കൂടാതെ, മറ്റ് രണ്ട് ഫ്‌ളാറ്റുകളിൽ 50% ഓഹരിയുമുണ്ട്. പട്നയിലെ പാടലീപുത്ര കോളനിയിലും ഡൽഹിയിലെ വസന്ത് വിഹാറിലും ബക്‌സറിലും തന്റെ കുടുംബവീട്ടിലും അദ്ദേഹത്തിന് വസ്തുവകകളുണ്ട്. ഭാര്യയ്ക്ക് ഗുവാഹത്തിയിൽ രണ്ട് ഫ്‌ളാറ്റുകളും ഒരു ബംഗ്ലാവിൽ മൂന്നിലൊന്ന് ഓഹരിയുമുണ്ട്. കൂടാതെ നോയിഡയിലും അവർക്ക് വസ്തുവകകളുള്ളതായി രേഖകൾ പറയുന്നു. വേധ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമകൂടിയാണ് പ്രശാന്ത് കിഷോർ. ഈ കമ്പനി 2024-25 കാലയളവിൽ ജൻ സുരാജിന് 85 കോടി രൂപ സംഭാവനയായി നൽകിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്.
ജൂലൈ 30-നാണ് ബാങ്കിപുർ ഉപതിരഞ്ഞെടുപ്പ്. ഓഗസ്ത് മൂന്നിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ ആദ്യമായി സ്ഥാനാർഥിയായി മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ബങ്കിപുരിലേത്. കാലങ്ങളായി ബി.ജെ.പിയുടെ ശക്തമായ സ്വാധീനമേഖലയാണ് ബാങ്കിപുർ. പട്നയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ രീതിയിൽ വോട്ടർമാരുടെ പിന്തുണയും ശക്തമായ സംഘടനാ സംവിധാനവുമുണ്ട്. ദീർഘകാലം ബി.ജെ.പി. നേതാവ് നിതിൻ നവിൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണിത്. അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Content Highlights: Prashant Kishor declares personal assets worth Rs 96 crore., Wife Janhavi Das holds assets valued over Rs 102 crore., Vedha Venture Pvt Ltd donated Rs 85 crore to Jan Suraaj., Bankipur by-election scheduled for July 30, 2026, with counting on August 3., First-time candidacy for Prashant Kishor in a BJP stronghold.