ന്യൂയോര്‍ക് ടൈംസ് വാര്‍ത്ത, റെയ്ഡ്, അറസ്റ്റ്; ഒടുവില്‍ പ്രബീര്‍ പുരകായസ്ത പുറത്തേക്ക്

ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്ന കേസില്‍ ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെ അടിയന്തരമായി വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. ന്യൂസ്‌ക്ലിക്ക് സ്ഥാപകനെ അഴിക്കുള്ളിലാക്കാന്‍ ഡല്‍ഹി പോലീസ് കാണിച്ച തിടുക്കമാണ് സുപ്രീംകോടതി ഉത്തരവോടെ ചോദ്യംചെയ്യപ്പെടുന്നത്. അറസ്റ്റ് നടപടികള്‍ ശരിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ പാടേ നിരസിക്കുന്നതാണ് സുപ്രീംകോടതി ഉത്തരവ്.
അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് പ്രബീര്‍ പുരകായസ്തയും ന്യൂസ് ക്ലിക്ക് എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമല്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ നിരീക്ഷണം. എന്നാല്‍, റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് ഇരുവര്‍ക്കും നല്‍കിയില്ലെന്നതടക്കം നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് പ്രബീറിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.
നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും അറസ്റ്റുചെയ്യാമോയെന്ന അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ ചോദ്യത്തിന്, അതില്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. എന്നാല്‍ നിയമപ്രകാരം എന്തോണോ ചെയ്യാവുന്നത്, അത് നടപ്പിലാക്കാന്‍ അനുവാദമുണ്ടെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റുചെയ്യുന്ന സമയത്ത് അതിനുള്ള കാരണം അറിയിച്ചില്ല, അതിനാല്‍ യു.എ.പി.എ. ചുമത്തിയുള്ള ഡല്‍ഹി പോലീസിന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്നാണ് സുപ്രീംകോടതി നിരീക്ഷണം. പങ്കജ് ബന്‍സല്‍ കേസിലെ സുപ്രീംകോടതി വിധി പരാമര്‍ശിച്ചായിരുന്നു കോടതി പ്രബീറിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത്.
എന്നാല്‍, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ട് അറസ്റ്റിന്റെ കാരണം പോലീസ് എഴുതിനല്‍കുകയാണ് ഉചിതമെന്നായിരുന്നു പങ്കജ് ബന്‍സല്‍ കേസിനെ അടിസ്ഥാനപ്പെടുത്തി ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. അറസ്റ്റില്‍ നടപടിക്രമങ്ങളുടെയോ ഭരണഘടനാ വകുപ്പുകളുടെയോ ലംഘനമില്ലെന്നും റിമാന്‍ഡ് ഉത്തരവ് നിയമപരമാണെന്നും ജസ്റ്റിസ് തുഷാര്‍റാവു ഗഡേല അന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രബീര്‍ പുരകായസ്തയും അമിത് ചക്രവര്‍ത്തിയും യു.എ.പി.എ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ കേസില്‍ അമിത് ചക്രവര്‍ത്തിയെ മാപ്പുസാക്ഷാക്കിയാക്കിയിരുന്നു.
ന്യൂസ്‌ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വീടുകളില്‍ റെയ്ഡിന് ശേഷമായിരുന്നു പുരകായസ്തയെ അറസ്റ്റുചെയ്തത്. ന്യൂസ്‌ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെച്ചു. കംപ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുത്തു. ചൈനാ സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ന്യൂസ് ക്ലിക്കിന് അമേരിക്കന്‍ കോടീശ്വരന്‍ നെവില്‍ റോയ് സിംഘം സഹായധനം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയുടെ ചുവടുപിടിച്ചായിരുന്നു ഡല്‍ഹി പോലീസിന്റെ നടപടികള്‍.
ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തി. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ന്യൂസ്‌ക്ലിക്ക് വാര്‍ത്ത നല്‍കുന്നതായും ഇതിന് കോണ്‍ഗ്രസും പാര്‍ട്ടിനേതാവ് രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഒത്താശ ചെയ്യുന്നതായും ദുബെ ആരോപിച്ചു. പിന്നാലെ ഡല്‍ഹി പോലീസ് യു.എ.പി.എ. പ്രകാരവും ഐ.പി.സി. 153 എ (വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയവയും ചേര്‍ത്ത് കേസെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് റെയ്ഡും ഇരുവരുടേയും അറസ്റ്റും നടന്നത്.
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ നിശിതവിമര്‍ശകരായ ന്യൂസ് ക്‌ളിക്ക് വാര്‍ത്താപോര്‍ട്ടല്‍ 2009-ലാണ് പ്രവര്‍ത്തനംതുടങ്ങിയത്. വിദേശ നിക്ഷേപച്ചട്ടം ലംഘിച്ചതായി കാട്ടി 2021-ല്‍ ആദായനികുതി അധികൃതര്‍ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹി പോലീസിന്റെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ വിദേശനാണ്യ വിനിമയചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന കേസില്‍ സി.ബി.ഐയും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു.
എഫ്.ഐ.ആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഡല്‍ഹി പോലീസ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളായിരുന്നു. ചൈനാബന്ധമുള്ള അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘവുമായും ഭാര്യയുമായും ബന്ധമുള്ള കമ്പനികളുമായി നടത്തിയ 4.27 ലക്ഷത്തോളം ഇ- മെയിലുകള്‍ പരിശോധിച്ചതിലൂടെയാണിത് വ്യക്തമായതെന്നാണ് പോലീസ് പറയുന്നത്. കശ്മീര്‍ ഒഴിവാക്കിയും അരുണാചല്‍പ്രദേശ് തര്‍ക്കഭൂമിയാക്കിയും ഇന്ത്യയുടെ ഭൂപടം നിര്‍മിക്കാനും ആഖ്യാനംചമയ്ക്കാനും ന്യൂസ് ക്ലിക്ക്, വിദേശഫണ്ട് എന്ന ലേബലില്‍ 115 കോടി കൈപ്പറ്റിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നെവില്‍ റോയ് സിംഘവും ഭാര്യയും സാമ്പത്തികസഹായംചെയ്യുന്ന മൂന്നുസ്ഥാപനങ്ങളില്‍നിന്നായി 2018 മുതല്‍ ന്യൂസ്‌ക്ലിക്ക് സാമ്പത്തികസഹായം സ്വീകരിക്കുന്നതായി എഫ്.ഐ.ആറില്‍ ആരോപിച്ചിരുന്നു.
ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലിലായ ഗൗതം നവല്‍ഖ ന്യൂസ്‌ക്ലിക്കില്‍ ഓഹരിയുടമയാണെന്നും ഇദ്ദേഹത്തിന് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റ് ഗുലാം നബി ഫായിയുമായും നിരോധിത മാവോവാദി സംഘങ്ങളുമായും ബന്ധമുണ്ടെന്നും ഇവരുമായി ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് ആരോപിച്ചു. കര്‍ഷകസമരം നീട്ടിക്കൊണ്ടുപോയി ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കാന്‍ ശ്രമിച്ചു, സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തെ തെറ്റായ പ്രചാരണങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു, 2019-ലെ ലോക്സഭാതിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രസി ആന്‍ഡ് സെക്കുലറിസവുമായി ചേര്‍ന്ന് പുരകായസ്ത ഗൂഢാലോചന നടത്തി തുടങ്ങിയ ആരോപണങ്ങളും പോലീസ് ഉന്നയിച്ചു.
Content Highlights: NewsClick, founder-editor Prabir Purkayastha Delhi Police case and Court proceedings