പൂഞ്ച് ഭീകരാക്രമണം: പാക് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, വിവരം നൽകുന്നവർക്ക് 20 ലക്ഷം

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാമസേന സൈനികൻ വിക്കി പഹാഡേ ആണ് കൊല്ലപ്പെട്ട സൈനികൻ.
ഭീകരർ രണ്ടുവാഹനങ്ങൾക്കുനേരേ പതുങ്ങിയിരുന്ന് വെടിയുതിർക്കുകയായിരുന്നു. അനന്ത്നാഗ്-രജൗറി ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കേയാണ് ആക്രമണം. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.
Content Highlights: Poonch terror attack: ₹20 lakh reward announced for 2 Pakistan terrorists