കശ്മീരിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന പാക് പെൺകുട്ടി കസ്റ്റഡിയിൽ, അബദ്ധത്തിൽ സംഭവിച്ചതെന്ന് മൊഴി

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണരേഖ മുറിച്ചുകടന്ന 17 വയസ്സുകാരിയായ പെൺകുട്ടിയെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തു. രജൗരി ജില്ലയിലെ നൗഷേറയിലുള്ള ലാം സെക്ടറിലാണ് സംഭവം നടന്നത്. പാക് അധീന കശ്മീരിൽ നിന്നുള്ള പെൺകുട്ടിയാണ് എത്തിയതെന്ന് സേന സ്ഥിരീകരിച്ചിട്ടുണ്ട്.
അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് സംഘം പെൺകുട്ടിയെ തടഞ്ഞുനിർത്തുകയായിരുന്നു. പാക് അധീന കശ്മീരിലെ ഖുയിരേറ്റ സ്വദേശിനിയാണ് പിടിയിലായ പെൺകുട്ടിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
അബദ്ധത്തിൽ അതിർത്തി മുറിച്ചുകടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് എത്തിയതാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇന്ത്യൻ സൈന്യം പെൺകുട്ടിയെ കൂടുതൽ വിവരശേഖരണത്തിനായി നൗഷേറ പോലീസിന് കൈമാറി.
പെൺകുട്ടി അബദ്ധത്തിൽ വഴിതെറ്റി അതിർത്തി കടന്നതാണോ അതോ ഇതിനുപിന്നിൽ മറ്റ് ദുരൂഹ ലക്ഷ്യങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് വിവിധ സുരക്ഷാ ഏജൻസികൾ വിശദമായി അന്വേഷിച്ചുവരികയാണ്.
Content Highlights: A 17-year-old girl from Pakistan-administered Kashmir (PoK) crossed the LoC., She was detained by the Indian Army in the Lam sector of Naushera, Rajouri., Preliminary interrogation suggests she crossed the border by mistake., Security agencies have handed her over to Naushera police for further investigation.