വ്യാജ രേഖ, തട്ടിപ്പ്; പിഎം കൗശൽ വികാസ് യോജനയിൽ വ്യാപക ക്രമക്കേടെന്ന് സിഎജി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo: official website
പ്രതീകാത്മക ചിത്രം | Photo: official website

ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ സ്റ്റൈപ്പെൻഡ് ഉൾപ്പെടെ നൽകി നൈപുണ്യപരിശീലനം നൽകുന്നതിനുള്ള പ്രധാനമന്ത്രി കൗശൽ വികാസ് യോജനയിൽ വ്യാപക ക്രമക്കേടെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). പരിശോധനയ്ക്കെടുത്ത 171 കേസുകളിൽ 131-ലും ഒരേ പരിശീലനകേന്ദ്രത്തിന്റെയും ആളുകളുടെയും ഇ-മെയിൽ വിലാസമെന്നും കേന്ദ്രങ്ങളിൽ പലതും പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.

യുപി, ബിഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഒട്ടേറെ ഗുണഭോക്താക്കളുടെ അപേക്ഷകളിൽ പതിപ്പിച്ചത് ഒരേ ഫോട്ടോ. ക്രമക്കേടുകൾകാരണം പദ്ധതി ഗുണഭോക്താക്കളിൽ 34 ലക്ഷം പേർക്കുള്ള പദ്ധതിവിഹിതം തടഞ്ഞുവെച്ചു.

പദ്ധതി ആരംഭിച്ച 2015 ജൂലായ്‌മുതൽ 2022 വരെയുള്ള നടത്തിപ്പാണ് സിഎജി പരിശോധിച്ചത്. 2015-16, 2016-20, 2021-22 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. 1.32 കോടി യുവാക്കൾക്ക് പരിശീലനം നൽകുന്നതിനായി ഏഴുവർഷത്തിനിടയിൽ 14,450 കോടി രൂപ കേന്ദ്രം ചെലവഴിച്ചു.

വലിയ ക്രമക്കേട് ബാങ്ക് അക്കൗണ്ട് നമ്പറുകളിലാണ്. 95,90,801 ഗുണഭോക്താക്കളിൽ 90,66,264 പേരുടെയും കാര്യത്തിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളുടെ ഭാഗത്ത് പൂജ്യം രേഖപ്പെടുത്തുകയോ ഒന്നും രേഖപ്പെടുത്താതെ വിടുകയോ ‘ബാധകമല്ല’ എന്നെഴുതുകയോ ചെയ്തതായി കണ്ടെത്തി. ചിലരുടെ അക്കൗണ്ട് നമ്പറുകൾ പതിനൊന്നുതവണ ഒന്ന് എന്ന്‌ രേഖപ്പെടുത്തി. 123456 എന്നിങ്ങനെ ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ കേസുമുണ്ട്. സ്കിൽ ഇന്ത്യ പോർട്ടലിൽ ബാങ്ക് അക്കൗണ്ട് നമ്പർ നിർബന്ധമാക്കിയത് പിന്നീട് പിൻവലിച്ചതായുള്ള മന്ത്രാലയത്തിന്റെ വിശദീകരണവും റിപ്പോർട്ടിലുണ്ട്. ഓൺലൈൻ ഗുണഭോക്തൃസർവേ നടത്തിയതിൽ 1581 ഇ-മെയിലുകൾ (36.51%) ഡെലിവറി ഫെയ്‌ലർ കാണിച്ചു.

കേരളത്തിലും വീഴ്ച

പരിശീലനകേന്ദ്രങ്ങളുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തുക കൈപ്പറ്റിയ കേസുകൾ കേരളത്തിലുമുണ്ടെന്ന് സിഎജി റിപ്പോർട്ടിലുണ്ട്. തട്ടിപ്പ് കണ്ടെത്തിയ കാര്യം സംസ്ഥാന നൈപുണ്യ വികസനമിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പരിശീലനച്ചുമതലയുണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങളിൽനിന്നായി 22.33 ലക്ഷം രൂപ തിരിച്ചുപിടിച്ചു. ഈ സ്ഥാപനങ്ങളെ വിലക്കി. സ്ഥാപനങ്ങൾ ഹാജരാക്കിയ നിയമനക്കത്തുകൾ, ശമ്പളരേഖകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ എന്നിവ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 14 പേർക്ക് നിയമനം നൽകിയതായി അറിയിച്ച കമ്പനിയിൽ അഞ്ചുപേർക്കാണ് നിയമനം നൽകിയതെന്നു കണ്ടെത്തി. 17-ഉം 18-ഉം പേരെ നിയമിച്ചതായി രേഖകളുള്ള രണ്ട് കമ്പനികളിൽ ആർക്കും നിയമനം നൽകിയില്ല.

Content Highlights: CAG report reveals widespread irregularities in PMKVY, including fake training centers, duplicate beneficiaries, and improper bank details, leading to fund blockages. Learn more.