ഇടത്, തൃണമൂൽ ഭരണത്തിൽ വികസന മുരടിപ്പ്, ബംഗാൾ ചങ്ങലകളിൽനിന്ന് മുക്തമായി; ഇനി പുതുയുഗമെന്ന് മോദി

കൊൽക്കത്ത: പശ്ചിമ ബംഗാൾ പതിറ്റാണ്ടുകളായി ബന്ധിപ്പിക്കപ്പെട്ടിരുന്ന ചങ്ങലകളിൽനിന്ന് മോചിതരായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാൾ സ്ഥാപക ദിനത്തിൽ (പശ്ചിമ ബംഗാ ദിനം) സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മോദിയുടെ പ്രസ്താവന. ബിജെപി-എൻഡിഎ സഖ്യം നേടിയ ചരിത്ര വിജയത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത്.
മുൻപ് ഭരിച്ചിരുന്ന ഇടത് മുന്നണി, തൃണമൂൽ കോൺഗ്രസ് സർക്കാരുകൾ വരുത്തിയ വികസന മുരടിപ്പ് പരിഹരിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൻ്റെ ഭാഗമായി വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്തുകഴിഞ്ഞു. ബംഗാളിന്റെ അന്തസ്സും പ്രതാപവും വീണ്ടെടുക്കാനുള്ള പ്രയത്നങ്ങൾ നടത്തുമെന്നും പുതിയൊരു ഉണർവ് സംസ്ഥാനത്തുടനീളം ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിലെ 'ഡബിൾ എഞ്ചിൻ സർക്കാർ' മാതൃകയിലൂടെ സംസ്ഥാനത്ത് ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (PM-KISAN) 23-ാം ഗഡു അദ്ദേഹം വിതരണം ചെയ്തു. ബംഗാളിൽ ഫസൽ ബീമാ യോജന ആരംഭിച്ചു. ഹൗറയിൽ പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിട്ടു. പൂർബ മേദിനിപൂർ ജില്ലയിലെ ഹൗറിനും രാധാമോഹൻപുരിനും ഇടയിലുള്ള പാലവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്തുവർഷത്തെ തൃണമൂൽ ഭരണവും അതിനുമുമ്പുള്ള ഇടത് ഭരണവും സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമാക്കിയെന്നും വികസനത്തിൽ ബംഗാളിനെ പിന്നോട്ടുവലിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായങ്ങൾ തകരുകയും യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്ത സാഹചര്യം സർക്കാരുകളുടെ വീഴ്ചയായിരുന്നെന്ന് മോദി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതോടെ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും ജനങ്ങളെ കൊള്ളയടിച്ചവർ പണം തിരികെ നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ 'കട്ട് മണി' സംസ്കാരം അവസാനിച്ചതായും സുതാര്യമായ ഭരണത്തിലേക്കും ഉത്തരവാദിത്തത്തിലേക്കുമുള്ള മാറ്റം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi marks a new era for West Bengal post-NDA victory., Launch of major infrastructure projects including a 300-bed railway hospital., Distribution of 23rd installment of PM-KISAN funds., Commitment to ending 'cut-money' culture and restoring state dignity., Criticism of previous Left and TMC governance models.