18-ാമത് റോസ്ഗാർ മേള; 61,000-ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ്ഗാര്‍ മേളയില്‍ സംസാരിക്കുന്നു | Photo : PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി റോസ്ഗാര്‍ മേളയില്‍ സംസാരിക്കുന്നു | Photo : PTI

ന്യൂഡൽഹി: സർക്കാർ വകുപ്പുകളിലെ പുതുതായി നിയമിക്കപ്പെട്ട 61,000-ൽ അധികം ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. 18-ാമത് റോസ്ഗാർ മേളയിലാണ് പ്രധാനമന്ത്രി ഉത്തരവുകൾ കൈമാറിയത്. രാജ്യത്തിനകത്തും പുറത്തും യുവജനങ്ങൾക്കായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുനിയമനത്തിനുള്ള ഒരു സ്ഥാപന സംവിധാനമായി റോസ്ഗാർ മേള പരിണമിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രസർക്കാർ പല രാജ്യങ്ങളുമായി വിവിധ കരാറുകൾ ഒപ്പുവെക്കുന്നുണ്ടെന്നും ഇത് യുവാക്കൾക്ക് പുതിയ വഴികൾ തുറന്നുനൽകുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, രാജ്യത്തുടനീളം നടന്ന റോസ്ഗാർ മേളകളിലൂടെ ഇതുവരെ 11 ലക്ഷത്തിലധികം നിയമന കത്തുകൾ വിതരണം ചെയ്തിട്ടുണ്ട്. തൊഴിൽ സൃഷ്ടിക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകാനും ആ കാഴ്ചപ്പാട് ഫലപ്രദമായി നടപ്പാക്കാനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതക്ക് അനുസൃതമായാണ് ഈ സംരംഭമെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തുടനീളം 45 സ്ഥലങ്ങളിലാണ് 18-ാമത് റോസ്ഗാർ മേള സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പുതുതായി നിയമിക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായാണ് നിയമനം നൽകിയത്. 

ആഭ്യന്തര മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിലെ വിവിധ തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങൾ നടന്നിട്ടുള്ളത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ, ആണവോർജ്ജ വകുപ്പ്, പിജിസിഐഎൽ, എച്ച്പിസിഎൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നിയമനങ്ങൾ നടന്നിട്ടുണ്ട്. കേന്ദ്ര സായുധ പോലീസ് സേനയിലെ (CAPF) കോൺസ്റ്റബിൾമാർ, നഴ്സിങ് ഓഫീസർമാർ, ജൂനിയർ അസോസിയേറ്റ്സ്, അസിസ്റ്റന്റ് പ്രൊഫസർമാർ, സയന്റിഫിക് അസിസ്റ്റന്റ്സ്, ജൂനിയർ എൻജിനീയർമാർ, എക്സിക്യൂട്ടീവ് ട്രെയിനികൾ, മറ്റ് സാങ്കേതിക, ഭരണപരമായ റോളുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്.

Content Highlights: PM Modi handed over appointment letters to over 61,000 new recruits at the 18th Rozgar Mela, emphasizing job creation and new opportunities for Indian youth.