പാരമ്പര്യം കൈവിടാതെ പ്രധാനമന്ത്രി; രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവിൽ കർത്തവ്യ പഥിൽ തിളങ്ങി മോദി

#ന്യൂസ് ഡെസ്ക്
കർത്തവ്യ പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | PHOTO: PTI
കർത്തവ്യ പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി | PHOTO: PTI

ന്യൂഡൽഹി: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ശ്രദ്ധാകേന്ദ്രമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വർണ്ണാഭമായ തലപ്പാവ്. കർത്തവ്യ പഥിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടൊപ്പം പങ്കുചേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, പതിറ്റാണ്ടുകൾ നീണ്ട രാജ്യത്തിൻ്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് ആകർഷകമായ തലപ്പാവ് (സഫ) ധരിച്ചാണ് എത്തിയത്. തോളിലൂടെ നീട്ടിയിട്ട വാലോടു കൂടിയ ബന്ധേജി സഫയാണ് അദ്ദേഹം അണിഞ്ഞത്.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രാദേശിക സംസ്കാരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വൈവിധ്യമാർന്ന തലപ്പാവുകൾ ധരിക്കുന്നത് പ്രധാനമന്ത്രിയുടെ ശൈലിയാണ്. ഇത്തവണ ചുവപ്പും മഞ്ഞയും പച്ചയും പർപ്പിളും കലർന്ന തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സ്വർണ്ണ വർണത്തിലുള്ള സരി ഡിസൈനുകൾ ആലേഖനം ചെയ്ത രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ് കാണികളുടെയും ശ്രദ്ധയാകർഷിച്ചു.

കർത്തവ്യ പഥിലെ ആഘോഷവേളയിൽ  തലപ്പാവിനൊപ്പം നേവി-വൈറ്റ് കുർത്ത പൈജാമയും ഇളംനീല നിറത്തിലുള്ള നെഹ്‌റു ജാക്കറ്റും ചേരുന്ന തന്റെ തനതായ ഔദ്യോഗിക വേഷവിധാനവും അദ്ദേഹം പിന്തുടർന്നു.

ആഘോഷങ്ങൾക്ക് മുന്നോടിയായി, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രവും വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികളും അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി രാഷ്ട്രപതിക്കൊപ്പം സല്യൂട്ടിങ് ഡെയ്‌സിലേക്ക് എത്തിയത്. രാവിലെ 10.30-ന് ആരംഭിച്ച പരേഡ് ഏകദേശം 90 മിനിറ്റോളം നീണ്ടു.

ഇന്ത്യയുടെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വികസന നേട്ടങ്ങളും വിളിച്ചോതുന്നതായിരുന്നു പരേഡ്. പുതുതായി രൂപീകരിച്ച സൈനിക യൂണിറ്റുകളും ഓപ്പറേഷൻ സിന്ദൂരിലെ പ്രധാന ആയുധ സംവിധാനങ്ങളുടെ മാതൃകകളും പരേഡിൽ അണിനിരന്നു.  വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്റെ സവിശേഷതയായി മാറി.

Content Highlights: PM Narendra Modi`s colorful turban was a highlight at India`s 77th Republic Day celebrations on Kartavya Path.