വാജ്പേയിയുടെ ചരമവാര്‍ഷികം; സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ 'സദൈവ് അടലില്‍' പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതിയോടുള്ള വാജ്പേയിയുടെ പ്രതിബദ്ധത വികസിതവും സ്വാശ്രയവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നുണ്ടെന്ന് എക്സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ശക്തമായ ഒരു രാജ്യം പടുത്തുയര്‍ത്താനാണ് അടല്‍ ബിഹാരി വാജ്പേയി പരിശ്രമിച്ചതെന്നും അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എക്സില്‍ കുറിച്ചു. കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, കിരണ്‍ റിജിജു എന്നിവര്‍ക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രിയായ രേഖ ഗുപ്തയും സദൈവ് അടലില്‍ അടല്‍ ബിഹാരി വാജ്പേയിയ്ക്ക് ആദരമര്‍പ്പിക്കാനായി എത്തി.
1924 ഡിസംബര്‍ 25-ന് മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ജനിച്ച അടല്‍ ബിഹാരി വാജ്പേയി മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വ്യക്തി കൂടിയാണ്. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായിരുന്ന വാജ്പേയി ഭാരത് രത്ന അവാര്‍ഡ് ജേതാവ് കൂടിയാണ്. 2018 ഓഗസ്റ്റ് 16-ന് ഡല്‍ഹിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
Content Highlights: pm modi pays floral tributes to atal Bihari Vajpayee on his death anniversary