യുവാക്കളോട് 'ഗെറ്റ് റെഡി വിത്ത് മി' ആഹ്വാനവുമായി മോദി; കൈത്തറി വസ്ത്രങ്ങൾക്കായി ഇൻസ്റ്റഗ്രാം വീഡിയോ

ന്യൂഡൽഹി: വീണ്ടും ഇൻസ്റ്റഗ്രാം വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകിയാണ് മോദി പുതിയ വീഡിയോ പങ്കുവെച്ചത്. ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി വീഡിയോ പോസ്റ്റ് ചെയ്തത്. ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ ദേശീയ കൈത്തറി ദിനവും ആഘോഷിക്കാൻ മോദി ജനങ്ങളോട് വീഡിയോയിലൂടെ അഭ്യർഥിച്ചു.
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ 'ഗെറ്റ് റെഡി വിത്ത് മി' (ജിആർഡബ്ല്യുഎം) ചെയ്യാനുള്ള ആഹ്വാനവും മോദി നടത്തി. ദേശീയ കൈത്തറി ദിനമായ ഓഗസ്റ്റ് ഏഴിന് കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ജിആർഡബ്ല്യുഎം വീഡിയോകൾ നിർമിച്ച് പങ്കുവെക്കണം എന്നാണ് പ്രധാനമന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തത്.
കൈത്തറി പ്രതീകാത്മകമായി ഉപയോഗിക്കുന്നതിന് പകരം ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കണമെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. ഓരോ കൈത്തറി വസ്ത്രവും ഒരു വിദഗ്ധ തൊഴിലാളിയുടെ കഠിനാധ്വാനത്തിന്റേയും വൈദഗ്ധ്യത്തിന്റേയും സമർപ്പണത്തിന്റേയും കഥ ഉൾക്കൊള്ളുന്നതാണ്. കൈത്തറി ഉത്പന്നങ്ങൾ കേവലം ഫാഷനല്ല. രാജ്യത്തെ നെയ്ത്ത് തൊഴിലാളികൾക്കുള്ള പിന്തുണയും 'വോക്കൽ ഫോർ ലോക്കൽ' മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗവുമാണെന്നും മോദി വീഡിയോയിൽ പറഞ്ഞു.
Content Highlights: PM Modi posted an Instagram video urging citizens to share Get Ready With Me (GRWM) videos featuring handloom products to celebrate National Handloom Day on August 7, supporting India's 35 lakh handloom workers. The appeal emphasizes making handlooms part of daily life rather than ceremonial wear.