മലങ്കരസഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു; പാത്രിയർക്കീസ് ബാവയുമായി ഇന്ന് ചർച്ചനടത്തും

ന്യൂഡൽഹി: മലങ്കരസഭാ തർക്കത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരിന്റെ നിർണായകനീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ ബാവ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും പങ്കെടുക്കും.
കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം ഓസ്‌ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തുന്നത്. ഓർത്തഡോക്സ് സഭ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിട്ടില്ലെന്ന് സഭാ അധികൃതർ പറഞ്ഞു.
ട്വന്റി 20 എൻ.ഡി.എ. മുന്നണിയിലേക്ക് വന്നതിനെത്തുടർന്നാണ് നൂറ് വർഷത്തിലേറെ നീണ്ട മലങ്കരസഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ടിടപെടുന്നത്. ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് മുൻകൈയെടുത്തുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി അദ്ദേഹം മാർ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി ചർച്ച നടത്തിയിരുന്നു. യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായും അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഇടപെടൽ കഴിഞ്ഞദിവസം ചേർന്ന യാക്കോബായ സഭാ വർക്കിങ് കമ്മിറ്റിയും ചർച്ചചെയ്തു.
യാക്കോബായ സഭാംഗം കൂടിയായ സാബു ജേക്കബ് എൻ.ഡി.എ.യിലേക്ക് വന്നത് എറണാകുളത്ത് ബി.ജെ.പി. വേരോട്ടത്തിന് സഹായകരമാകുമെന്നാണ് രാഷ്ട്രീയനേതൃത്വത്തിന്റെ വിലയിരുത്തൽ. പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായിരുന്നപ്പോൾ ഇരുസഭാ വിഭാഗം തലവന്മാരെയും കണ്ട് സമവായ ചർച്ച നടത്തിയിരുന്നെങ്കിലും ശ്രമം മുന്നോട്ടുപോയില്ല.
സുപ്രീം കോടതി വിധിയുടെ ഉള്ളിൽനിന്നുകൊണ്ടുള്ള ചർച്ചയ്ക്കേ തയ്യാറുള്ളൂവെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പള്ളികളിലെ ഭൂരിപക്ഷം നോക്കി സഹോദരസഭകളായി പിരിയാമെന്നാണ് യാക്കോബായസഭയുടെ നിലപാട്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ സുപ്രീംകോടതിവിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നു. ഇതിനെതിരേ യാക്കോബായസഭ നൽകിയ ഹർജിയിൽ വിധി എല്ലാ പള്ളികൾക്കും ബാധകമാണോയെന്ന പരിശോധിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചിരിക്കുകയാണ്.
Content Highlights: PM Narendra Modi is set to meet the Jacobite Patriarch to discuss the long-standing church dispute., The Central Government's intervention follows the Twenty20 party's entry into the NDA alliance., The Orthodox faction has reportedly not been invited to the current discussions., This move is viewed as a strategic political effort to aid the BJP's growth in Ernakulam.