‘2+6 എന്നാൽ...’; കൈയടി നേടി പ്രധാനമന്ത്രിയുടെ 'കണ്ടെത്തൽ'; ഇന്ത്യ-ഇൻഡൊനീഷ്യ ബന്ധം ദൃഢമെന്ന് മോദി

ജക്കാർത്ത: ഇന്ത്യയും ഇൻഡൊനേഷ്യയും തമ്മിലുള്ള കൗതുകകരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ജക്കാർത്തയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിലെ 'ഗണിത കൗതുകം' പ്രധാനമന്ത്രി വിശദീകരിച്ചത്. ‘എട്ട്’ എന്നാൽ ഇന്ത്യയ്ക്കും ഇൻഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി പറഞ്ഞത് ഇന്ത്യൻ പൗരന്മാരിൽ കൗതുകവും പുഞ്ചിരിയുമുണ്ടാക്കി.
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ജനുവരി 26-നാണ്. 2, 6 എന്നീ സംഖ്യകൾ കൂട്ടിയാൽ 8 എന്ന ഉത്തരം കിട്ടും. ഇൻഡൊനേഷ്യൻ പ്രസിഡന്റ് പ്രഭോവോ സുബിയാന്തോയുടെ ജന്മദിനം 17-നാണ്. 1, 7 എന്നീ സംഖ്യകൾ ചേർത്താലും 8 എന്ന ഉത്തരം കിട്ടും. 8 എന്നാൽ ഇന്ത്യയ്ക്കും ഇൻഡൊനേഷ്യയ്ക്കും പ്രധാനപ്പെട്ടതാണെന്ന് മോദി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ വിശദീകരണം ഇന്ത്യൻ സമൂഹത്തിന്റെയും
ഇൻഡൊനേഷ്യൻ പ്രതിനിധികളുടെയും കൈയടി നേടി. പുഞ്ചിരി പടർത്തി, കയ്യടിയോടെയാണ് അവർ മോദിയുടെ വാക്കുകളെ സ്വാഗതം ചെയ്തത്.
കഴിഞ്ഞവർഷം ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രസിഡന്റ് സുബിയാന്തോ മുഖ്യാതിഥിയായിരുന്നുവെന്നും പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. ഇന്ത്യയുടെ ഡിഎൻഎ തന്നിലുണ്ടെന്ന ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ പരാമർശം ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സൗഹൃദം ചരിത്രപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും മോദി ആവർത്തിച്ചു.
Content Highlights: PM Modi highlighted the significance of the number 8 in India-Indonesia relations., Mathematical connection between India's Republic Day (Jan 26) and President Prabowo's birthday (Oct 17)., Emphasis on historical and cultural DNA shared between the two nations., Strengthening of bilateral ties and mutual appreciation between leaders.