നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്; രാമക്ഷേത്രത്തിലെ പതാക സാംസ്‌കാരിക ഉണര്‍വിന്റെ പ്രഖ്യാപനമെന്ന് മോദി

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ ധ്വജാരോഹണ ചടങ്ങ് നിര്‍വ്വഹിച്ച് നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകളുടെ വേദനയ്ക്ക് വിരാമമായെന്നും മുറിവുകള്‍ ഉണങ്ങുകയാണെന്നും ചടങ്ങ് നിര്‍വഹിച്ചതിന് ശേഷം നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഒരു ചരിത്രപരമായ ആത്മീയ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ഭക്തന്റെ ഉള്ളിലും സമാനതകളില്ലാത്ത സംതൃപ്തിയും അതിരുകളില്ലാത്ത കൃതജ്ഞതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഇന്ന് ഉണങ്ങുകയാണ്. നൂറ്റാണ്ടുകളുടെ വേദനയ്ക്ക് ഇന്ന് വിരാമമാവുകയാണ്. ഈ ദിവസം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രതിജ്ഞയുടെ പൂര്‍ത്തീകരണത്തെയും തലമുറകളായി നീണ്ടുനിന്ന ഒരു പോരാട്ടത്തിന്റെ പൂര്‍ണതയെയും അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂര്‍ത്തീകരിക്കപ്പെടുന്നു. 500 വര്‍ഷം ജ്വലിച്ചുനിന്ന ആ യജ്ഞത്തിന്റെ പരിസമാപ്തിയാണ് ഇന്ന്. ആ യജ്ഞം ഒരു നിമിഷം പോലും വിശ്വാസത്തില്‍ നിന്ന് പതറുകയോ വ്യതിചലിക്കുകയോ ചെയ്തില്ല. - അദ്ദേഹം പറഞ്ഞു.
ഇന്ന്, അയോധ്യ നഗരം ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തിന്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, ഇന്ത്യ മുഴുവനും, ലോകം മുഴുവനും രാമമയമാണ്. ഓരോ രാമഭക്തന്റെയും ഹൃദയത്തില്‍ അതുല്യമായ സംതൃപ്തിയും, അതിരുകളില്ലാത്ത കൃതജ്ഞതയും, അളവറ്റതും അലൗകികവുമായ ആനന്ദവുമാണുള്ളത്- പ്രധാനമന്ത്രി പറഞ്ഞു. ക്ഷേത്രത്തിന് മുകളില്‍ ഉയര്‍ത്തിയ ധര്‍മ്മധ്വജം ഒരു കേവലമായ ചടങ്ങിലെ ചിഹ്നത്തേക്കാള്‍ ഉപരിയായി, ഇന്ത്യയുടെ സാംസ്‌കാരിക ഉണര്‍വിന്റെ പ്രഖ്യാപനം കൂടിയാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
'ഈ ധര്‍മ്മപതാക കേവലം ഒരു പതാകയല്ല. ഇത് ഭാരതീയ നാഗരികതയുടെ നവോത്ഥാനത്തിന്റെ പ്രതീകമാണ്. ഇതിന്റെ കുങ്കുമ നിറവും, അതില്‍ ചിത്രീകരിച്ചിരിക്കുന്ന സൂര്യവംശത്തിന്റെ പ്രശസ്തിയും, ആലേഖനം ചെയ്ത ഓം എന്ന വാക്കും, കൊത്തിയെടുത്ത മന്ദാരവൃക്ഷവും രാമരാജ്യത്തിന്റെ മഹത്വത്തെ പ്രതീകപ്പെടുത്തുന്നു. ജീവന്‍ പോയാലും വാക്ക് മാറരുത്, അതായത് പറഞ്ഞത് എന്തായാലും ചെയ്തിരിക്കണം എന്ന പ്രചോദനം ഈ ധര്‍മ്മധ്വജം നല്‍കും. 'കര്‍മ്മപ്രധാന്‍ വിശ്വ രചി രാഖാ' എന്ന സന്ദേശം ഈ ധര്‍മ്മധ്വജം നല്‍കും, അതായത് ലോകത്തില്‍ കര്‍മ്മത്തിനും കര്‍ത്തവ്യത്തിനുമാണ് പ്രാധാന്യം,' സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നാം ശ്രീരാമനില്‍ നിന്ന് പഠിക്കണം. അദ്ദേഹത്തിന്റെ വ്യക്തിത്വം നാം മനസ്സിലാക്കണം. അദ്ദേഹത്തിന്റെ പെരുമാറ്റം നാം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
2047ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, നാം ഒരു വികസിത ഭാരതം കെട്ടിപ്പടുക്കണം. അടുത്ത ആയിരം വര്‍ഷത്തേക്ക് ഇന്ത്യയുടെ അടിത്തറ നാം ശക്തിപ്പെടുത്തണം, അദ്ദേഹം പറഞ്ഞു. വര്‍ത്തമാനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവര്‍ ഭാവി തലമുറയോട് അനീതിയാണ് ചെയ്യുന്നത്. നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാജ്യം നിലനിന്നിരുന്നു, നമ്മള്‍ പോയാലും അത് നിലനില്‍ക്കും ഇന്ത്യ ഒരു ചൈതന്യമുള്ള സമൂഹമാണെന്നും വരും ദശകങ്ങളെയും നൂറ്റാണ്ടുകളെയും മനസ്സില്‍ കണ്ട് അത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Prime Minister Narendra Modi participated in the flag-hoisting ceremony at the Ayodhya Ram Temple, marking the end of centuries of pain and celebrating a spiritual awakening for India.