ജനങ്ങൾ ചെലവ് ചുരുക്കണമെന്ന് മോദി, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാതിരിക്കാൻ പൗരന്മാരോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം. സർക്കാരിന്റെ നയപരമായ പരാജയമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിർദേശങ്ങൾ ഭരണപരാജയത്തിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദീകരിക്കാൻ പാർലമെന്റ് ഉടൻ വിളിച്ചുചേർക്കണമെന്നും കോൺഗ്രസ് എംപി കാർത്തി ചിദംബരം ആവശ്യപ്പെട്ടു.
മന്ത്രിമാർ ആഡംബര യാത്രകൾ തുടരുമ്പോൾ സാധാരണക്കാരോട് മാത്രം നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പാണെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ കുറ്റപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സി. വേണുഗോപാലും ആരോപിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ പൗരന്മാരുടെ കൂട്ടുത്തരവാദിത്വം വേണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. വിദേശയാത്രകളും വിദേശത്തെ വിവാഹാഘോഷങ്ങളും ഒരു വർഷത്തേക്ക് ഒഴിവാക്കുക, പെട്രോൾ-ഡീസൽ ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതമോ ഇലക്ട്രിക് വാഹനങ്ങളോ ഉപയോഗിക്കുക എന്നിവയാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. കൂടാതെ, സ്വർണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കാനും, കഴിയുന്നത്ര മേഖലകളിൽ വർക്ക് ഫ്രം ഹോം രീതി വീണ്ടും നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇത് വ്യാപകമായ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ തിരിഞ്ഞത്. അതേസമയം പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ധനലഭ്യതയെയും വിലക്കയറ്റത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.
Content Highlights: PM Modi advises citizens to limit fuel use and avoid luxury travel due to the West Asia conflict., Opposition leaders label the request as a failure of government economic policy., Congress and TMC demand a parliamentary session to discuss the national economic situation., Government cabinet committee led by Rajnath Singh to assess fuel supply and inflation risks.