പരീക്ഷാ പരിഷ്കരണത്തിന് നന്ദൻ നിലേകനി; ഇൻസ്റ്റഗ്രാമിലൂടെ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
നന്ദന്‍ നിലേകാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി
നന്ദന്‍ നിലേകാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പരീക്ഷാ നടത്തിപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആഗോള സാങ്കേതിക വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതാധികാര കർമ്മസമിതി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമാക്കുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐബി ഡയറക്ടർ തപൻ ഡേക്ക, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിത കർവാൾ, ലോജിസ്റ്റിക് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരടങ്ങുന്നതാണ് സമിതി.

നീറ്റ്-യുജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ. വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ ഇതിനോടകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ഭാവിയിൽ ഈ കർമ്മസമിതിയുടെ ശുപാർശകൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരീക്ഷാ സമ്പ്രദായത്തിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനാപരമായ മാറ്റങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികളുടെ ഭാവി വെച്ച് കളിച്ചവർ ഇപ്പോൾ ജയിലിൽ കഴിയുകയാണെന്നും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ ഇതിനോടകം സ്ഥാപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പുറമെ, പരീക്ഷാ തട്ടിപ്പുകൾക്കെതിരെ കടുത്ത ശിക്ഷാ വ്യവ്യസ്ഥകളടങ്ങിയ പുതിയ നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്കാണ് മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിറവേറ്റുമെന്നും ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെയുള്ള നിർണ്ണായക പദ്ധതികൾ തുടർന്നും നടപ്പിലാക്കുമെന്നും ചുമതലയേറ്റ ശേഷം പ്രൽഹാദ് ജോഷി വ്യക്തമാക്കി.

Content Highlights: PM Modi appoints Nandan Nilekani to lead a task force for transparent 2026 exam reforms following NEET-UG leak.