അഞ്ചുവിഭാഗങ്ങളുടെ ന്യൂനപക്ഷപദവി ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി വിഭാഗങ്ങളെ ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച കേന്ദ്രവിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികള്‍ക്ക് മുന്നിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യം. തീര്‍പ്പാകാത്ത ഹര്‍ജികള്‍ സുപ്രീം കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിഷയത്തിലെ കേന്ദ്ര വിജ്ഞാപനത്തിന് 26 വര്‍ഷത്തെ പഴക്കമുണ്ട്.
1993 ഒക്ടോബര്‍ 23ന് വിജ്ഞാപനം ചെയ്ത, 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ സെക്ഷന്‍ 2(സി)യുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഡല്‍ഹി, ഗുവാഹത്തി, മേഘാലയ ഹൈക്കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഹര്‍ജികള്‍ കൈമാറണമെന്നാണ് ആവശ്യം. കോടതി വ്യവഹാരങ്ങളുടേയും പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളുടെയും ആധിക്യം ഒഴിവാക്കാന്‍ അപ്പീലുകള്‍ സുപ്രീംകോടതി പരിഗണിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യഥാര്‍ഥ ന്യൂനപക്ഷങ്ങള്‍ക്ക് ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുകയും ഭൂരിപക്ഷത്തിന് നിയന്ത്രണമില്ലാതെയും യുക്തിരഹിതമായും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുന്നത് വഴി മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം തടയുന്നതിനുള്ള മൗലികാവകാശത്തെ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
കണക്കുകള്‍ അനുസരിച്ച് ഹിന്ദുക്കള്‍ ഭൂരിപക്ഷമാണെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും അവര്‍ ന്യൂനപക്ഷമാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ഈ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഹിന്ദു സമൂഹത്തിന് നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തില്‍ ന്യൂനപക്ഷത്തിന്റെ നിര്‍വചനം പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
2011-ലെ സെന്‍സസ് അനുസരിച്ച് ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞ ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവിയും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 2011-ലെ സെന്‍സസ് പ്രകാരം മിസോറം (2.75 ശതമാനം), നാഗാലാന്‍ഡ് (8.75 ശതമാനം), മേഘാലയ (11.53 ശതമാനം), അരുണാചല്‍ പ്രദേശ് (29 ശതമാനം), മണിപ്പുര്‍ (31.39 ശതമാനം), പഞ്ചാബ് (38.40 ശതമാനം), കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരില്‍ (28.44 ശതമാനം), ലക്ഷദ്വീപ് (2.5 ശതമാനം) എന്നിവിടങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Content Highlights: Plea in SC seeks transfer of petitions challenging minority status of five communities
Content Highlights: