ജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണം; വിമർശകർ വേറെ തൊഴിൽ ഇല്ലാത്തവരെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: നടപ്പുസാമ്പത്തികവർഷത്തെ ആദ്യപാദത്തിൽ മൊത്ത ആഭ്യന്തരവളർച്ചയിൽ (ജി.ഡി.പി.) 7.8 ശതമാനം മുന്നേറ്റം കൃത്രിമ കണക്കുകൾ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് പ്രതിപക്ഷത്തിന്റെയും മുൻ ഉദ്യോഗസ്ഥരുടെയും ആരോപണത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. തൊഴിലില്ലാത്ത ചിലരാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.
'തൊഴിലില്ലാത്ത ചിലർ തങ്ങളെത്തന്നെ സാമ്പത്തിക വിദഗ്ധരെന്ന് വിശേഷിപ്പിച്ച് ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് രാജ്യത്തിന് ദോഷംവരുത്താൻ ശ്രമിക്കുന്നു. ഇതിൽ വീണുപോകരുത്', പിയൂഷ് ഗോയൽ പ്രതികരിച്ചു.
ചില പ്രതിപക്ഷ നേതാക്കളും കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത ഒരു മുൻ ഫിനാൻസ് സെക്രട്ടറിയും മുൻ ആർബിഐ ഗവർണറും ടിവിയിൽ സംസാരിക്കുന്നത് കണ്ടു... സമാനമായ കാര്യങ്ങൾ തമ്മിലാണ് താരതമ്യം ചെയ്യേണ്ടത് എന്നുപോലും അവർക്ക് അറിയില്ല. അടിസ്ഥാന വർഷംതന്നെ മാറിയ പുതിയ സീരീസുമായി പഴയ സീരീസിലെ വളർച്ചാ നിരക്ക് താരതമ്യം ചെയ്തുകൊണ്ട് അവർ ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ വളർച്ച കണക്കുകളിൽ സംശയംപ്രകടിപ്പിച്ചിരുന്നു. 'നമ്മൾ ഇത്രയും വേഗത്തിൽ വളരുകയാണെങ്കിൽ, എന്തുകൊണ്ടാണ് കൂടുതൽ തൊഴിലവസരങ്ങളും നല്ല തൊഴിലുകളും സൃഷ്ടിക്കപ്പെടാത്തത്? എന്തുകൊണ്ടാണ് നിക്ഷേപം നടക്കാത്തത്?' എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ചോദിക്കുകയുണ്ടായി. ആശങ്കപ്പെടേണ്ട ചില പൊരുത്തക്കേടുകൾ കണക്കുകളിൽ ഉണ്ടെന്നും വ്യക്തമാക്കി.
മുൻധനകാര്യ സെക്രട്ടറി സുബാഷ് ചന്ദ്ര ഗാർഗും ചില സംശയങ്ങൾ ഉന്നയിക്കുകയുണ്ടായി. മുൻവർഷം പുറത്തുവിട്ട പഴയ കണക്കുകൾ അതുപോലെ നിലനിർത്തിയിരുന്നുവെങ്കിൽ, വളർച്ചാ നിരക്ക് 2.5 ശതമാനത്തിൽ താഴെ മാത്രമായി ഒതുങ്ങുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വലിയ തിരുത്തലുകൾ വരുത്തിയതാണ് 7.8% എന്ന ഉയർന്ന നിരക്കിന് കാരണമെന്നും അതിനാൽ 7.8% യഥാർത്ഥ സാമ്പത്തിക വളർച്ചയെയാണോ പ്രതിഫലിപ്പിക്കുന്നത് എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷവും വലിയ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
മോദി സർക്കാരിന്റെ ‘ഫേക്ക് ഇൻ ഇന്ത്യ’ പദ്ധതി നിർബാധം തുടരുകയാണെന്നും സ്റ്റാറ്റിസ്റ്റിക്കൽ ജിംനാസ്റ്റിക്സ് ആണ് പുതിയ ജിഡിപി സംഖ്യകളെന്നും കോൺഗ്രസ് പരിഹസിച്ചിരുന്നു. ഈ വിമർശനങ്ങൾക്കാണ് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മറുപടിനൽകിയത്.
തൊഴിലില്ലായ്മയുണ്ടെന്ന ആരോപണത്തിനും പരിഹാസ രൂപേണെ കേന്ദ്ര മന്ത്രി മറുപടി നൽകി. 'അവർ ദ്വാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്, എവിടെയാണ് തൊഴിലുകൾ എന്ന് ചോദിക്കുന്നു. തങ്ങൾ മാത്രമാണ് തൊഴിലില്ലാത്തവരായി അവശേഷിക്കുന്നത് എന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. അവർക്ക് അവശേഷിക്കുന്ന ഒരേയൊരു തൊഴിൽ ഒരു ടിവി പാനലിൽ കയറി വാദങ്ങൾ കെട്ടിച്ചമയ്ക്കുക എന്നത് മാത്രമാണ്', കേന്ദ്ര മന്ത്രി പറഞ്ഞു.
വളർച്ചാനിരക്കിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹം പറഞ്ഞു. 'മറ്റൊരു രാജ്യത്തിനും പകർത്താൻ കഴിയാത്ത ഒന്നാണ് 7.8% എന്ന റെക്കോഡ് വളർച്ച. ഇത് രാജ്യത്തെ 140 കോടി ജനങ്ങളുടെ കഴിവും കഠിനാധ്വാനവും സംയുക്ത ശ്രമവുമാണ്. ഇതിലൂടെ ഇന്ത്യ ആഗോളതലത്തിൽ വിശ്വസ്ത പങ്കാളിയായി ഉയർന്നു. ദൂരക്കാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി രാജ്യത്തെ നയിച്ചത്', പിയൂഷ് ഗോയൽ പറഞ്ഞു.
Content Highlights: Piyush Goyal defends the 7.8% GDP growth rate against opposition criticism., Dismissed critics as jobless individuals posing as economic experts., Addressed concerns raised by former RBI Governor Raghuram Rajan and former Finance Secretary Subhash Chandra Garg., Attributed the economic growth to the hard work of 140 crore citizens and PM Narendra Modi's vision.