ചിന്നക്കനാലില്‍നിന്ന് ജനങ്ങളെമാറ്റി വന്യജീവിസങ്കേതമാക്കണമെന്ന് ആവശ്യം; തള്ളി സുപ്രീംകോടതി

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
അരിക്കൊമ്പന്‍, തിരുനെല്‍വേലി കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍നിന്ന് | Photo - twitter.com/supriyasahuias
അരിക്കൊമ്പന്‍, തിരുനെല്‍വേലി കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍നിന്ന് | Photo - twitter.com/supriyasahuias

ന്യൂഡൽഹി: തമിഴ്‌നാട്ടിലേക്ക് മാറ്റിയ അരിക്കൊമ്പനെ രണ്ട് വർഷത്തോളം നിരീക്ഷിക്കാൻ നിർദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചിന്നക്കനാലിനെ വന്യജീവിസങ്കേതമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്ന ആവശ്യത്തിലും ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. അതേസമയം ഹർജിക്കാർക്ക് ഈ ആവശ്യം ഉന്നയിച്ച് മറ്റ് ഫോറങ്ങളെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരാണ് അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. എന്നാൽ അരികൊമ്പനും ആയി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ തങ്ങൾ ഈ ഹർജിയിൽ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അരിക്കൊമ്പൻ നിലവിൽ തമിഴ്നാട് വനത്തിലാണെന്നും അതിനാൽ കേരള ഹൈകോടതിക്ക് ഇതിൽ ഇടപെടാൻ സാധിക്കില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ മൈത്രി ഹെ​ഗ്ഡേ, പ്രിയങ്ക പ്രകാശ് എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. പൊതുതാത്പര്യ ഹർജികളുമായി കോടതിയിൽ എത്തിയവർക്ക് അരികൊമ്പന്റെ മാറ്റത്തിനെ എതിർക്കുന്നവരുമായി ബന്ധമുണ്ടെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. 

കാട്ടാനകൾ അധികമുള്ള ചിന്നക്കനാൽ മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റിയ ശേഷം വന്യജീവിസങ്കേതമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിയിലെ മറ്റൊരു ആവശ്യം. ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉണ്ടായിരുന്നു. ഹർജി ആനത്താര ഹർജികൾക്ക് ഒപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല.

Content Highlights: People should be moved from Chinnakanal and declared as a national park Supreme Court rejected