പെഗാസസ് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള ചാവേറാക്രമണം; കേന്ദ്രത്തിന് കോടതിയുടെ താക്കീത്

#റിസര്‍ച്ച് ഡെസ്‌ക്‌
പ്രതീകാത്മക ചിത്രം | Photo: എ.എഫ്.പി.
പ്രതീകാത്മക ചിത്രം | Photo: എ.എഫ്.പി.

ദേശസുരക്ഷയുടെ പേരിൽ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്ന ശക്തമായ നിലപാട് ഉയർത്തിപ്പിടിച്ചാണ് പരമോന്നത നീതിപീഠം പെ​ഗാസസ് കേസിൽ ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാൻ നിർദേശിച്ചത്. രാജ്യത്ത് ഭരണകൂടത്തെ വിമർശിക്കുന്നവർക്കെതിരെ പെ​ഗാസസ് എന്ന ചാര പ്രോ​ഗ്രാം ഉപയോ​ഗിച്ച് നിരീക്ഷണം നടത്തുന്നതായി പലതവണ കണ്ടെത്തിയിരുന്നു. സുപ്രീംകോടതി ന്യായാധിപരും രാഷ്ട്രീയ നേതാക്കളും, അഭിഭാഷകരും പത്രപ്രവർത്തകരും അടങ്ങുന്ന സമൂഹത്തിനെ പ്രധാനികൾക്ക് നേരെയായിരുന്നു ആക്രമണം. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തിസ്വാതന്ത്ര്യം കാറ്റിൽ പറത്തിയായിരുന്നു ഈ നീരീക്ഷണം. സാഹചര്യത്തെളിവുകൾ നിരത്തി കേന്ദ്രസർക്കാരിന് ഇതിൽ പങ്കുണ്ടെന്ന വാദം ഉയർന്നു. ദേശ സുരക്ഷയുടെ പേരിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് സർക്കാരും നിലപാടെടുത്തു. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമസ്വാതന്ത്ര്യത്തെ അട്ടിമറിക്കരുത് എന്ന ശക്തമായ നിലപാടാണ് കോടതി ഈ വിധിയിലൂടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്. ഇല്ലാ കാര്യത്തിലും ദേശസുരക്ഷയെ വലിച്ചിഴക്കരുതെന്ന്  സുപ്രീംകോടതി ആവർത്തിച്ച് താക്കീത് നൽകി. 

എന്താണ് പെഗാസസ്

സ്മാർട്ട്‌ഫോണിൽ കടന്നുകയറി ആവശ്യമുള്ള വിവരങ്ങളെല്ലാം കൈക്കലാക്കി ഒരു തെളിവും അവശേഷിപ്പിക്കാതെ സ്വയം ഇല്ലാതാകുന്ന ചാവേറാണ് പെഗാസസ്. ആരുമറിയാതെ ക്യാമറ പ്രവർത്തിപ്പിച്ചും, ശബ്​ദം റെക്കോർഡ് ചെയ്തും രഹസ്യ വിവരങ്ങൾ കടത്താൻ ശേഷിയുണ്ട് പെ​ഗാസസിന് എന്ന കാര്യമാണ് ലോകത്തെ ഞെട്ടിച്ചു കളഞ്ഞത്. ഒരു ഫോണിൽ കടന്നുകയറി 60 ദിവസമായിട്ടും ഫോൺ അവരുടെ കൺട്രോൾ സെന്ററിന്റെ നിയന്ത്രണത്തിലായില്ലെങ്കിൽ ഫോണിലെ പെഗാസസ് ഒരു തെളിവും അവശേഷിക്കാതെ തനിയെ മാഞ്ഞുപോകും. രണ്ട് തവണയാണ് ഇസ്രയേലി ചാരസോഫ്‌റ്റ്‌വേറായ പെഗാസസ് ആക്രമണം ചർച്ചയാകുന്നത്. 2019 ൽ വാട്സ്ആപ്പ് കോളുകൾ വഴിയായിരുന്നു സമർത്ഥനായ ഈ ചാവേർ ദുഷ്ടപ്രോ​ഗ്രാമിന്റെ ആക്രമണം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പു കാലമായിരുന്നു അത്.  2021 ലാണ്  ലോകവ്യാപകമായി പെ​ഗാസസ് ഉപയോ​ഗിച്ച് നടത്തിയ ആക്രമണ വിവരങ്ങൾ വീണ്ടും പുറത്ത് വരുന്നത്.  

ഇന്ത്യയിൽ നിന്നുള്ള ദ വയർ അടക്കം 16 അന്താരാഷ്ട്രമാധ്യമങ്ങൾ ചേർന്ന് ആംനെസ്റ്റിയുടെ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് 
2021 ൽ ലോകം കണ്ട വലിയ സൈബർ ആക്രമണത്തിന്റെ ചുരുളഴിഞ്ഞത്.  പെഗാസസ് ഡേറ്റാബേസിൽനിന്ന് ചോർന്നു കിട്ടിയ അരലക്ഷം ഫോൺനമ്പറുകളിൽ ഏതാണ്ട് 300 ലേറെ ഇന്ത്യക്കാരുടേതാണെന്നാണ് ‘ദ വയർ’ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. 2016-നും 2021-നും ഇടയിൽ അധികാരകേന്ദ്രങ്ങൾക്കെതിരേ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന, 20 രാജ്യങ്ങളിലെ 180 മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസ് എത്തിയിരുന്നു എന്നാണ് വ്യക്തമായത്.

രണ്ടു തവണയും ഇരകൾ ദേശീയരാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അടങ്ങുന്ന സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളവരുമാണ്. അതുകൊണ്ടാണ് പെ​ഗാസസ് ഉപയോ​ഗിച്ചതിന് പിന്നിൽ സ്റ്റേറ്റിന്റെ കൈയുണ്ടോ എന്ന സംശയം ഉയർന്നത്. കേന്ദ്രം ഈ വിഷയത്തിൽ ശക്തമായി ഇടപെടാൻ മടിച്ചപ്പോഴാണ് സുപ്രീം കോടതി വരെ വിഷയം എത്തിയത്. 

മെയ്ഡ് ഇൻ ഇസ്രയേൽ

തീവ്രവാദത്തിനെതിരേയുള്ള പ്രവർത്തനത്തിനോ അതുപോലെ സുപ്രധാനമായ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിനോ മാത്രമേ തങ്ങളുടെ ഈ ചാര പ്രോഗ്രാം ഉപയോഗിക്കാവൂ എന്ന നിഷ്കർഷയോടെ സർക്കാരുകൾക്ക് മാത്രമേ പെഗാസസ് നൽകാറുള്ളൂ എന്നാണ് അതിന്റെ നിർമാതാക്കളായ ഇസ്രയേൽ കമ്പനി എൻ.എസ്.ഒ. ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. വാട്‌സാപ്പ് വഴി നടന്ന വലിയ ആക്രമണം നിയമനടപടികളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് അവർ പെഗാസസിന്റെ ഉടമ തങ്ങളാണെന്ന് വെളിപ്പെടുത്താൻ തയ്യാറായത്. 


2019 ൽ തങ്ങളുടെ കോളിങ് സംവിധാനത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നതായി വാട്സാപ്പിന് സൂചന കിട്ടിയിരുന്നു. അതിന് പിന്നില്‍ പെഗാസസ് ആണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ അപ്ഡേറ്റ് സ്വീകരിക്കാന്‍ അവര്‍ മുന്നറിയിപ്പ് നല്‍കി. ആ മെസേജ് കിട്ടിയവര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചര്‍ച്ചയായത്. അതി സുരക്ഷ അവകാശപ്പെടുന്ന ഐഫോൺ പോലും പെ​ഗാസസിന് മുന്നിൽ മുട്ടുമടക്കി എന്ന വിവരവും അന്നാണ് പുറത്തുവന്നത്.

ജെയില്‍ ബ്രേക്ക്

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള വാട്സാപ്പില്‍ പെഗാസസ് എങ്ങനെ കടന്നുകൂടിയെന്നതായിരുന്നു തുടക്കത്തിലെ എല്ലാവരെയും അതിശയിപ്പിച്ച വസ്തുത. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് 2019 ലെ ആക്രമണത്തിന്  ഉപയോഗിച്ചത്. ഒറ്റ മിസ്ഡ്കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്ട്ഫോണില്‍ നിക്ഷേപിക്കും. തുടര്‍ന്ന് ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍നിന്നുപോലും പെഗാസസ് എത്തിയ കോള്‍ മായ്ച്ചുകളയും. കോള്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല അതിന് കടന്നുകയറാന്‍ എന്നതും ശ്രദ്ധേയം.

വാട്‌സാപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടക്കുന്നതിന് മുമ്പേ സന്ദേശം കൈക്കലാക്കാം. ഇ-മെയില്‍ വഴിയും എസ്.എം.എസ്. ലിങ്ക് വഴിയും പെഗാസസ് സ്മാര്‍ട്ട്ഫോണില്‍ കടത്തിവിടാം. ഇന്റര്‍നെറ്റുമായി ആ ഫോണ്‍ ബന്ധിച്ചിരുന്നാല്‍ മാത്രംമതി. ചാരപ്പണി കഴിഞ്ഞാല്‍ പെഗാസസ് തനിയെ അപ്രത്യക്ഷമാകും. ഫോണില്‍ തെളിവും അവശേഷിപ്പിക്കില്ല.

Content Highlights: Pegasus spyware case Supreme Court forms 3-member probe panel

Content Highlights: