പെഗാസസ് ഹര്‍ജി: പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കാനാകില്ലെന്ന് കോടതി; സുപ്രീം കോടതിയിൽ നടന്നത്

പെഗാസസ് ഫോൺ ചോർത്തലിനെ സംബന്ധിച്ച മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ വിഷയം ഗൗരവതരമാണെന്ന് സുപ്രീം കോടതി. എന്നാൽ അന്വേഷണത്തിന് ഉത്തരവിടണമെങ്കിൽ മാധ്യമ വാർത്തകൾക്ക് അപ്പുറം ഉള്ള തെളിവുകൾ ആവശ്യമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫോൺ ചോർത്തലിനെ കുറിച്ച് ആരും പോലീസിൽ പരാതി നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജികൾ ചൊവ്വാഴ്ച്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും
പെഗാസസ് ഹർജികളിൽ കോടതിയിൽ ഇന്ന് നടന്ന വാദത്തിന്റെ പ്രസക്ത ഭാഗം
ബെഞ്ച് - ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്
ചീഫ് ജസ്റ്റിസ് എൻ വി രമണ : കപിൽ സിബൽ, അങ്ങ് വാദം ആരംഭിക്കു.
എം എൽ ശർമ്മ (അഭിഭാഷകൻ) : എന്റെ ഹർജി ആണ് ആദ്യം ലിസ്റ്റ് ചെയ്‌തിട്ടുള്ളത്. അത് ആദ്യം പരിഗണിക്കണം.
ചീഫ് ജസ്റ്റിസ് : ഞങ്ങൾ അങ്ങയുടെ ഹർജി വായിച്ചു. വെറും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ അല്ലേ ഈ ഹർജി. അതിന് അപ്പുറം എന്ത് ഉണ്ട്. ഞങ്ങൾ സിബലിനെ ആദ്യം കേൾക്കാം.
എം എൽ ശർമ്മ : മറ്റുള്ളവരുടെ ഹർജികളിൽ കൃത്രിമമായ വസ്തുതകൾ ആണ്. എന്റെ ഹർജിയിലെ ആവശ്യം തന്നെ അതിൽ നിന്ന് വ്യത്യസ്തം ആണ്.
ജസ്റ്റിസ് സൂര്യ കാന്ത് : അങ്ങ് ഈ വിഷയത്തിൽ സിബിഐ യ്ക്ക് പരാതി നൽകി. തൊട്ട് അടുത്ത ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകി. ഇതാണോ നടപടിക്രമം?
എം എൽ ശർമ്മ : എന്റെ പരാതി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം അല്ല.
(ഓൺലൈൻ വാദം കേൾക്കലിൽ മറ്റ് ചില ശബ്ദങ്ങൾ കേൾക്കുന്നു)
ചീഫ് ജസ്റ്റിസ് രമണ : (ക്ഷുഭിതനായി) മിസ്റ്റർ ശർമ, നിങ്ങൾ എത്ര പേർക്കാണ് ലിങ്ക് കൊടുത്തത്?
എം എൽ ശർമ്മ : ഞാൻ ആർക്കും കൊടുത്തിട്ടില്ല.
ചീഫ് ജസ്റ്റിസ് രമണ : മറ്റ് എല്ലാ മൈക്കുകളും മ്യുട്ട് ചെയ്യുക. ഞങ്ങൾ ആദ്യം സീനിയർ അഭിഭാഷകൻ കപിൽ സിബലിന്റെ വാദം കേൾക്കും. സിബൽ അങ്ങ് തുടങ്ങു.
കപിൽ സിബൽ (എൻ റാം, ശശികുമാർ എന്നിവർക്കും, എഡിറ്റേഴ്സ് ഗിൽഡിനും വേണ്ടി): പെഗാസസ് തത്ത്വദീക്ഷയില്ലാത്ത സാങ്കേതിക വിദ്യ ആണ്. ഒരു വ്യക്തിയുടെ സമ്മതം ഇല്ലാതെ അവന്റെ ജീവിതത്തിലേക്ക് കടന്ന് കയറുന്നതാണ്. വെറും ഒരു ഫോൺ കൊണ്ട് സ്വകാര്യതയും. മനുഷ്യന്റെ അന്തസ്സും തകർക്കുന്നത് ആണ്. ദേശിയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആണ്.
ചീഫ് ജസ്റ്റിസ് രമണ : മാധ്യമ വാർത്ത സത്യം ആണെങ്കിൽ വിഷയം ഗൗരവമേറിയത് ആണ്. എന്നാൽ കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന മിക്ക ഹർജികളും ഇന്ത്യയിലെയും വിദേശത്തെയും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രമുള്ളവയാണ്. അന്വേഷണത്തിന് ഉത്തരവിടണമെങ്കിൽ ഗൗരവമേറിയതും, വിശ്വാസയോഗ്യമായതും ആയ തെളിവുകൾ ആവശ്യമാണ്. എന്നാൽ നിർഭാഗ്യ വശാൽ ഇവിടെ മാധ്യമ വാർത്തകൾ മാത്രമാണ് കാണുന്നത്. 2019 ൽ തന്നെ ചോർത്തൽ സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നിരുന്നു എന്നാണ് ഞാൻ വായിച്ചത്. എന്ത് കൊണ്ടാണ് രണ്ട് വർഷത്തിന് ശേഷം അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ വരുന്നത്? ഈ ഹർജികളിൽ ഒന്നും ഇല്ലെന്നല്ല ഞാൻ പറയുന്നത്. ചില ഹർജിക്കാർ പറയുന്നത് തങ്ങളുടെ ഫോൺ ചോർത്തിയിരുന്നു എന്നാണ്. എന്നാൽ അവരും പോലീസിൽ പരാതി കൊടുത്തിട്ടില്ല.
കപിൽ സിബൽ : ചോർത്തിയ വിവരങ്ങൾ ഇസ്രായേലി കമ്പനി ആയ പെഗാസസിന് ലഭിച്ചിട്ടുണ്ട്. കാലിഫോർണിയ കോടതിയിലെ ഒരു ഉത്തരവ് ഉണ്ട്.
ചീഫ് ജസ്റ്റിസ് രമണ : കാലിഫോർണിയ കോടതിയിലെ കേസിന്റെ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിൽ ആണ്?
കപിൽ സിബൽ : കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്.
ചീഫ് ജസ്റ്റിസ് : ചില ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ പേരുകൾ പട്ടികയിൽ ഉണ്ടെന്ന് കാലിഫോർണിയ കോടതിയിലെ രേഖകളിൽ ഉള്ളതായി നിങ്ങളുടെ ഹർജിയിൽ പറഞ്ഞിട്ടുണ്ടല്ലോ. ആ വിവരം എവിടുന്ന് ആണ് കിട്ടിയത്.
കപിൽ സിബൽ : അങ്ങ് പറഞ്ഞതാണ് ശരി. അങ്ങനെ പേരുകൾ ഇല്ല. ഇന്ത്യയിലെ 122 പേരുടെ ഫോണുകൾ ചോർത്തി എന്ന ആരോപണം അസ്സുദ്ദുദ്ധീൻ ഒവൈസിയുടെ ചോദ്യത്തിന് പാർലമെന്റിൽ നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ നിഷേധിച്ചിട്ടില്ല. എന്ത് കൊണ്ടാണ് സർക്കാർ കേസ് എടുക്കാത്തത്? സർക്കാർ എന്ത് കൊണ്ട് മൗനം പാലിക്കുന്നു? സർക്കാരിന് മാത്രമേ ഈ സോഫ്റ്റ് വെയർ വാങ്ങാൻ കഴിയു.
ചീഫ് ജസ്റ്റിസ് രമണ : സർക്കാർ എന്നാൽ സംസ്ഥാന സർക്കാരുകളും ഉൾപ്പെടില്ലേ?
കപിൽ സിബൽ : അത് എനിക്ക് അറിയില്ല. കേന്ദ്ര സർക്കാർ ആണ് വ്യക്തമാക്കേണ്ടത്. എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഈ വിഷയം ഇന്ത്യ എന്ന രാജ്യത്തിന് തന്നെ ഭീഷണി ആണ്.
ചീഫ് ജസ്റ്റിസ് രമണ : എന്ത് കൊണ്ടാണ് രണ്ട് വർഷത്തിന് ശേഷം അന്വേഷണം ആവശ്യപ്പെടുന്നത്?
കപിൽ സിബൽ : ഇപ്പോഴാണ് പേരുകൾ പുറത്ത് വരുന്നത്. വാഷിംഗ് ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‍തപ്പോഴാണ് പേരുകൾ ഞങ്ങൾക്ക് മനസിലായത്. സുപ്രീം കോടതിയിലെ വിരമിച്ച ഒരു ജഡ്ജിയുടേയും, രണ്ട് രജിസ്ട്രാർമാരുടെയും പേരുകൾ പട്ടികയിൽ ഉണ്ടെന്ന് ഇന്നാണ് അരിഞ്ഞത്.
ചീഫ് ജസ്റ്റിസ് രമണ : ആരുടെയും പേര് ഇവിടെ പരാമര്ശിക്കരുത് . സത്യം പുറത്ത് വരട്ടെ.
കപിൽ സിബൽ : എല്ലാ ഹർകളിലും സുപ്രീം കോടതി നോട്ടീസ് അയക്കണം.
സി യു സിംഗ് : 2021 ജൂലൈ വരെ ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടിക അറിയില്ലായിരുന്നു. രണ്ട് വർഷത്തെ പരിശാധനകൾക്ക് ശേഷമാണ് ഇപ്പോൾ പട്ടിക പുറത്ത് വന്നത്. സുരക്ഷ കാരണങ്ങളാൽ ചോർത്തേണ്ടവരുടെ പട്ടിക പോലും ഓരോ മാസവും അവലോകനം ചെയ്യേണ്ടത് ആണ്.
ചീഫ് ജസ്റ്റിസ് രമണ : കശ്മീർ ഇന്റർനെറ്റ് കേസിൽ വിശദമായി ആ വിഷയങ്ങൾ ഞങ്ങൾ പരിശോധിച്ചിട്ടുള്ളത് ആണ്. നിങ്ങൾക്ക് കേസ് കൊടുത്തുകൂടെ?
മീനാക്ഷി അറോറ : രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസിന് വേണ്ടിയാണ് ഞാൻ ഹാജരാകുന്നത്. ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണ്. അതിനാൽ ആണ് കോടതിയെ സമീപിച്ചത്. 2019 ൽ ദിഗ്‌വിജയ് സിംഗിന്റെ ചോദ്യത്തിന് പാർലമെന്റിൽ നൽകിയ മറുപടിയിൽ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് അനധികൃതമായ ഫോൺ ചോർത്തൽ നടന്നിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോൾ ചോർത്തലിന്റെ വാർത്തകൾ പുറത്ത് വരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്.
ചീഫ് ജസ്റ്റിസ് രമണ : നിങ്ങളുടെ (ബ്രിട്ടാസിന്റെ) ഫോൺ ചോർത്തിയിരുന്നുവോ?
മീനാക്ഷി അറോറ : ഇല്ല. ബ്രിട്ടാസ് രാജ്യസഭാ അംഗം ആണ്. കൈരളി ചാനലിന്റെ ഡയറക്ടർ ആണ്. സർക്കാർ ഏജൻസികൾക്ക് മാത്രമേ പെഗാസസ് വിൽക്കുകയുള്ളു എന്ന് നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജുഡീഷ്യൽ അംഗം കൂടി ഉൾപ്പെടുന്ന ഒരു സ്വതന്ത്ര അന്വേഷണ സംഘം ഇതേ കുറിച്ച് അന്വേഷിക്കണം. എന്നാൽ മാത്രമേ സത്യം പുറത്ത് വരുകയുള്ളു.
ചീഫ് ജസ്റ്റിസ് രമണ : ശ്യാം ദിവാൻ, നിങ്ങളുടെ കക്ഷിയുടെ ഫോൺ ചോർത്തിയിരുന്നുവോ?
ശ്യാം ദിവാൻ : ഞാൻ ജഗദീപ് ചോക്കറിന് വേണ്ടി ആണ് ഹാജരാകുന്നത്. എന്റെ കക്ഷിയുടെ ഫോൺ ചോർത്തിയിരുന്നു. സ്വകാര്യ വ്യക്തിയായ എന്റെ മൗലിക അവകാശങ്ങളിലേക്ക് ആണ് കടന്ന് കയറ്റം ഉണ്ടായിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രമണ : നിങ്ങൾ എന്ത് കൊണ്ട് കേസ് കൊടുത്തില്ല? ടെലഗ്രാഫ് ആക്ട് പ്രകാരവും, ഐ ടി ആക്ടും പ്രകാരം കേസ് നൽകി കൂടെ ?
ശ്യാം ദിവാൻ ; ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആണ് ആവശ്യം. ഏതെങ്കിലും ഒരു വ്യക്തിയുടെ വിഷയമല്ല ഇത്.
(സീനിയർ അഭിഭാഷകരായ രാകേഷ് ദ്വിവേദി, അരവിന്ദ് ദത്താർ എന്നിവർ വിവിധ കക്ഷികൾക്ക് വേണ്ടി ഐ ടി ആക്ട് പ്രകാരം കേസ് നൽകുന്നതിലുള്ള ബുദ്ധിമുട്ട് വാദിച്ചു. നീണ്ടു പോകും എന്നതിനാൽ ആ ഭാഗങ്ങൾ ഇവിടെ ഉൾപെടുത്തുന്നില്ല)
ചീഫ് ജസ്റ്റിസ് രമണ : ആരെങ്കിലും കേന്ദ്ര സർക്കാരിന് ഹർജിയുടെ പകർപ്പ് നൽകിയിട്ടുണ്ടോ?
ശ്യാം ദിവാൻ : ഞങ്ങൾ ഇന്നലെ നൽകിയിരുന്നു. അറ്റോർണി ജനറലിന്റെ ഓഫീസിനും, സോളിസിറ്റർ ജനറലിന്റെ ഓഫീസിനും.
ചീഫ് ജസ്റ്റിസ് രമണ : മറ്റുള്ളവർ കൂടി നൽകുക. നോട്ടീസ് അയക്കണം എങ്കിൽ കേന്ദ്ര സർക്കാരിന്റെ ആരെങ്കിലും ഇവിടെ ഉണ്ടാകേണ്ട?
ജസ്റ്റിസ് സൂര്യകാന്ത് : മനീഷ് തിവാരി ആർക്ക് വേണ്ടിയാണ് ഹാജരാകുന്നത്?
മനീഷ് തിവാരി : എന്റെ കക്ഷിയുടെ ഹർജി ലിസ്റ്റ് ചെയ്തിട്ടില്ല. അത് ഇതോടൊപ്പം ടാഗ് ചെയ്യണം.
ചീഫ് ജസ്റ്റിസ് രമണ : ആ ഹർജിയുടെ പകർപ്പും കേന്ദ്ര സർക്കാരിന് നൽകു.
ചീഫ് ജസ്റ്റിസ് രമണ : മിസ്റ്റർ ശർമ, നിങ്ങളുടെ ഹർജിയിൽ ഒരു പ്രശ്നം ഉണ്ട്. അതിൽ ചില വ്യക്തികളുടെ ആണ് എതിർ കക്ഷി ആയി രേഖപ്പെടുത്തിയിരിക്കുന്നത് (ശർമ്മയുടെ ഹർജിയിലെ ഒന്നാം എതിർ കക്ഷി പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ്). അവർക്ക് നേരിട്ട് നോട്ടീസ് അയക്കാൻ കഴിയില്ല.
എം എൽ ശർമ്മ : ആ പേര് നീക്കം ചെയ്യാൻ അനുവദിക്കണം.
ചീഫ് ജസ്റ്റിസ് രമണ : നിങ്ങൾ മാറ്റങ്ങൾ വരുത്തി ഫയൽ ചെയ്യൂ. അടുത്ത ചൊവ്വാഴ്ച്ച ഞങ്ങൾ ഈ ഹർജികൾ കേൾക്കാം. അതിന് മുമ്പ് എല്ലാവരും ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിന് കൈമാറുക.
Content Highlights: