ഗേറ്റ്മാന്‍ വിവരം നല്‍കി, വൈദ്യുതി വിച്ഛേദിച്ചതോടെ ട്രെയിന്‍നിന്നു; ഒഴിവായത് വന്‍ദുരന്തം

തീപിടിത്തമുണ്ടായ പതാൽകോട്ട് എക്സ്പ്രസ് | Photo: PTI
തീപിടിത്തമുണ്ടായ പതാൽകോട്ട് എക്സ്പ്രസ് | Photo: PTI

ന്യൂഡല്‍ഹി: ആഗ്രയില്‍ പതാല്‍കോട്ട് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തില്‍ വന്‍ അപകടം ഒഴിവായത് റെയില്‍വെ ഗേറ്റ്മാന്റെ അവസരോചിതമായ ഇടപെടലിലൂടെ. ഭാണ്ഡയ് റെയില്‍വെ സ്റ്റേഷനു സമീപമുള്ള ലെവല്‍ക്രോസിലെ ഗേറ്റ്മാനായ യശ്പാല്‍ സിങ്ങാണ് വലിയ ദുരന്തമായേക്കാമായിരുന്നു ട്രെയിന്‍ അപകടം ഒഴിവാക്കിയത്. യശ്പാൽ വിമുക്തഭടനാണ്. 

Photo: ANI

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തീവണ്ടി ഭാണ്ഡയ് റെയില്‍വെ സ്റ്റേഷനെത്തുന്നതിന് തൊട്ടു മുമ്പാണ് തീപിടിത്തമുണ്ടാകുന്നത്. ഏകദ്ദേശം 3.35-ഓടെ യശ്പാല്‍ സിങ്ങിന് ചുമതലയുള്ള ഗേറ്റിലൂടെ ട്രെയിന്‍ കടന്നു പോയി. അപ്പോഴാണ് നാലാമത്തെ ബോഗിയില്‍ നിന്ന് പുകയുയരുന്നത് യശ്പാല്‍ സിങ്ങിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അതേസമയം ട്രെയിനുലുണ്ടായിരുന്നവര്‍ തീപിടിത്തമുണ്ടായ കാര്യം അറിഞ്ഞിരുന്നില്ല.

യശ്പാല്‍ ഉടന്‍ തന്ന ഭാണ്ഡയ് സ്റ്റേഷനിലെ ഡെപ്യൂട്ടി സ്‌റ്റേഷന്‍ സൂപ്രണ്ട് ഹരിദാസിനെ വിവരമറിയിച്ചു. പിന്നാലെ കണ്‍ട്രോള്‍ റൂമിലും വിവരമെത്തി. ട്രെയിന്‍ കണ്‍ട്രോളര്‍ ഉടന്‍ തന്നെ യു.പി.യിലെ എല്ലാ ട്രെയിനുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ ഓ.എച്ച്.ഇ.( ഓവര്‍ഹെഡ് എക്യുപ്‌മെന്റ്) ഇന്‍ചാര്‍ജിന് നിര്‍ദ്ദേശം നല്‍കി. 

Photo:PTI

ഈ സമയം ഭാണ്ഡയ് സ്റ്റേഷനിലൂടെ കടന്നുപോയ പതാല്‍കോട്ട് എക്‌സ്പ്രസ് 3.37-ഓടെ നിന്നു. പത്തുമിനിറ്റിനുള്ളില്‍ ആംബുലന്‍സും ഫയര്‍ ബ്രിഗേഡും സ്പാര്‍ട്ടും(സെല്‍ഫ് പ്രൊപ്പല്‍ഡ് ആക്‌സിഡന്റ് റിലീഫ് ട്രെയിന്‍) സംഭവസ്ഥലത്തെത്തി. പക്ഷേ അതിനുള്ളില്‍ മൂന്നും നാലും ബോഗികള്‍ അഗ്നിക്കിരയായിരുന്നു. അപകടമുണ്ടാവുന്നതിനു മുമ്പ് തന്നെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിക്കാനായി. യാത്രക്കാരില്‍ പതിനൊന്ന് പേര്‍ക്ക് നിസ്സാര പൊള്ളലേറ്റിട്ടുണ്ട്. രാഹുല്‍കുമാര്‍, മോഹിത്, ശിവം, മനോജ് കുമാര്‍, ഹര്‍ദയാല്‍, മണിറാം, രാമേശ്വര്‍, ഗൗരവ്, സിദ്ധാര്‍ത്ഥ്, ഹിതേഷ്, വികാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Photo:PTI

ഏകദ്ദേശം 5.10-ഓടെ മുഴുവനായും തീയണയ്ക്കാനായതായാണ് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നല്‍കുന്ന വിവരം. 

പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് മധ്യപ്രദേശിലെ സിയോണിയിലേക്ക് സിവനിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. രണ്ടു കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. അടുത്തുള്ള രണ്ടു കോച്ചുകള്‍ക്ക് കൂടി കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മൊത്തത്തില്‍ നാലു കോച്ചുകള്‍ ട്രെയിനില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
 

Content Highlights: patalkot express catches fire railway gateman detected smoke and averted big tragedy